പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ടുപോവുക എന്നതാണ് ഉത്തരവാദിത്തം, സരിന്‍ കീഴടങ്ങണം: തിരൂവഞ്ചൂര്‍

തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറിയത്. പാര്‍ട്ടി തീരുമാനം കാത്തിരുന്ന് കാണാമെന്നും തിരുവഞ്ചൂര്‍

dot image

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂര്‍, പി സരിന്‍ നേതൃത്വത്തിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു.

സരിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹം. അതിനെ മറികടന്ന് സരിന്‍ പോകുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറിയത്. പാര്‍ട്ടി തീരുമാനം കാത്തിരുന്ന് കാണാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്‌നവുമില്ല. മികച്ച സ്ഥാനാര്‍ത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലിനേക്കാള്‍ ഭൂരിപക്ഷം രാഹുലിന് ലഭിക്കും. പാലക്കാട്ടെ സെക്കുലര്‍ വോട്ടുകള്‍ രാഹുലിന് ലഭിക്കും. രാഹുലിന് ഷാഫിയുടെ മേല്‍വിലാസം ഉള്ളത് തന്നെ ഒരു അധിക യോഗ്യത ആണ്. പത്രസമ്മേളനത്തിനു മുന്‍പ് സരിനുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അച്ചടക്ക നടപടിയെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് പി സരിന്‍ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന്‍ പറഞ്ഞു. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ലെന്ന് പറഞ്ഞ സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു സരിന്റെ പരാമര്‍ശം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us