ഉമ്മന്‍ ചാണ്ടിയുടെ ഖബറിടത്തിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; 'അനുഗ്രഹം എപ്പോഴുമുണ്ടാകും'

ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശനത്തിന് ചാണ്ടി ഉമ്മന്‍ അനുമതി നല്‍കിയില്ലെന്ന വാര്‍ത്തയില്‍ മനുഷ്യന്മാരുടെ വികാരത്തെ വാര്‍ത്തയാക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് രാഹുല്‍ മറുപടി നല്‍കി

dot image

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ആദ്യം വരേണ്ടുന്ന സംഭാഷങ്ങളിലൊന്ന് സാറിന്റേതാണെന്നും അതുണ്ടാകാതിരിക്കുമ്പോള്‍ ആദ്യം എത്താന്‍ ആഗ്രഹിക്കുന്നത് ഇവിടെയാണെന്നും രാഹുല്‍ പറഞ്ഞു.

കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍ സുഹൃത്താണെന്നും തന്നോട് പിന്തുണ അറിയിച്ചിരുന്നെന്നും രാഹുല്‍ പറയുന്നു. 'ഏറ്റവുമൊടുവില്‍ അദ്ദേഹം സംസാരിക്കുമ്പോഴും കോണ്‍ഗ്രസുകാരനാണ്. ഇപ്പോഴും അങ്ങനെയാണെന്ന് വിശ്വസിക്കാനാണിഷ്ടം. അദ്ദേഹത്തിന്റെ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അങ്ങനെ ആശങ്ക പറയുന്ന കോണ്‍ഗ്രസുകാരനെ മറ്റേതെങ്കിലും പാളയത്തിലേക്കാക്കാന്‍ നോക്കുന്നതിനെ ഇന്നലെകളിലും ഞാന്‍ എതിര്‍ത്തിട്ടുണ്ട്, ഇന്നും എതിര്‍ക്കുന്നു. അദ്ദേഹം കോണ്‍ഗ്രസ് വക്താവായി ഉണ്ടാകും. ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ, പറയട്ടെ', രാഹുല്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ എല്ലാ നേതാക്കളെയും വിളിക്കുമ്പോള്‍ സരിനെയും വിളിച്ചിരുന്നെന്നും എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞിരുന്നതായും രാഹുല്‍ വ്യക്തമാക്കി. അദ്ദേഹം പറയുന്ന പ്രശ്‌നം പരിഹരിക്കേണ്ടത് താനല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തനിക്ക് ഒരുപാട് അവസരം നല്‍കിയിട്ടുണ്ടെന്നും മേല്‍വിലാസം ഉണ്ടാക്കി തന്നെന്നും രാഹുല്‍ പറയുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശനത്തിന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ അനുമതി നല്‍കിയില്ലെന്ന വാര്‍ത്തകളിലും രാഹുല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ക്രോസ് ചെക്ക് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

'വിവാദങ്ങള്‍ക്ക് മറുപടി പറയാനില്ല. തിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ക്രോസ് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. വളരെ ദൗര്‍ഭാഗ്യകരമായ വാര്‍ത്ത നല്‍കുമ്പോള്‍ എന്നെ വിളിച്ച് ചോദിക്കാം, അല്ലെങ്കില്‍ ചാണ്ടി ഉമ്മനെ വിളിച്ച് ചോദിക്കാം. ഈ വാര്‍ത്ത നല്‍കുമ്പോള്‍ നമ്മള്‍ തമ്മില്‍ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ വ്യക്തിപരമായ വൈകാരികതയുടെ കാര്യമാണ്. മനുഷ്യന്മാരുടെ വികാരത്തെ വാര്‍ത്തയാക്കുമ്പോള്‍ ശ്രദ്ധിക്കുക', രാഹുല്‍ പറഞ്ഞു. ഇന്ന് കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വിവാദങ്ങളും ചായക്കോപ്പയിലെ കൊടുംകാറ്റായി മാറുമെന്ന് കെ സി ജോസഫും പ്രതികരിച്ചു.

Content Highlights: Congress candidate Rahul Mamkoottathil visit Oommen Chandy s grave

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us