'ഒരു പാവത്താനായിരുന്നു'; നവീന് ആദരാഞ്ജലി അര്‍പ്പിച്ച് വിങ്ങിപ്പൊട്ടി ദിവ്യ എസ് അയ്യര്‍

ഒരു മനുഷ്യനെപ്പോലും കുത്തിനോവിപ്പിക്കാത്ത, ആരോടും മുഖം കറുപ്പിക്കാത്ത ഒരു നവീനെയാണ് കണ്ടിട്ടുള്ളതെന്ന് ദിവ്യ എസ് അയ്യര്‍

dot image

പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. നവീന് ആദരഞ്ജലി അര്‍പ്പിക്കുന്നതിനിടെ ദിവ്യ വിങ്ങിപ്പൊട്ടി. പത്തനംതിട്ടയില്‍ കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തഹസീല്‍ദാര്‍ എന്ന നിലയില്‍ നവീന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്ന് ദിവ്യ ഓര്‍ത്തെടുത്തു. ഒരു കുടുംബം പോലെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാവും പകലുമൊക്കെ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നും ദിവ്യ പറഞ്ഞു.

നവീന്‍ മരിച്ചു എന്നത് വിശ്വസിക്കാനാകുന്നില്ല. തങ്ങള്‍ക്കൊപ്പം നിര്‍ലോഭം പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു നവീന്‍. ജോലി കാര്യത്തില്‍ വളരെയധികം ആത്മാര്‍ത്ഥതയുണ്ടായിരുന്നു. ഒരു പാവത്താനായിരുന്നു. ഒരു മനുഷ്യനെപ്പോലും കുത്തിനോവിപ്പിക്കാത്ത, ആരോടും മുഖം കറുപ്പിക്കാത്ത ഒരു നവീനെയാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണം വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ദിവ്യ പറഞ്ഞു.

എഡിഎം ആയി പ്രമോഷന്‍ കിട്ടിയ സമയത്ത് തന്നെ കാണാന്‍ അദ്ദേഹം ചേംബറില്‍ വന്നിരുന്നു. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. മാഡത്തിന്റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു. അന്നാണ് നവീനെ താന്‍ അവസാനമായി കാണുന്നതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

നവീന്റെ മരണത്തിന് പിന്നാലെ ദിവ്യയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിവ്യയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. ദിവ്യയെ തള്ളി സിപിഐഎം കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികളും രംഗത്തെത്തിയിരുന്നു.

Content Highlights- divya s iyer condolences to adm naveen babu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us