പാലക്കാട്: ചേലക്കരയില്‍ സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷ നല്‍കിയതായി കെപിസിസി അംഗവും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ എന്‍ കെ സുധീര്‍. എന്നാല്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും തന്നെ ആരും വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നും സുധീര്‍ പറഞ്ഞു. തന്നെ ആശ്വസിപ്പിച്ചത് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണെന്ന് സുധീര്‍ കൂട്ടിച്ചേര്‍ത്തു. ചേലക്കരയിലെ ബൂത്ത് പ്രവര്‍ത്തനത്തിലടക്കം പങ്കെടുത്തിരുന്നുവെന്നും സുധീര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിന്റെ പല സ്ഥാനങ്ങളിലുമെത്തി. കഴിഞ്ഞ 15 വര്‍ഷമായി എനിക്കൊരു സീറ്റിനെക്കുറിച്ച് എന്റെ പാര്‍ട്ടി ചിന്തിച്ചിട്ടില്ല. തന്നിട്ടുമില്ല. മൂന്ന് മാസം മുമ്പ് തന്നെ ചേലക്കരയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കെപിസിസി അധ്യക്ഷന്റെ അധ്യക്ഷതയില്‍ ഒരുപാട് യോഗം സംഘടിപ്പിച്ചിരുന്നു. എല്ലാ ബൂത്തിലും പ്രവര്‍ത്തനമുണ്ടായിരുന്നു. ഞാനും പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. എന്നോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. പക്ഷേ പ്രഖ്യാപനത്തിന് ശേഷം എന്റെ പേരില്ല. അത് മാനസിക സംഘര്‍ഷമുണ്ടാക്കി.
ചേലക്കര സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതിന് ശേഷം 24 മണിക്കൂര്‍ കാത്തിരുന്നു. പ്രധാന നേതാക്കള്‍ വിളിച്ച് ആശ്വസിപ്പിക്കുമെന്ന് കരുതി. ആരും വിളിച്ചില്ല. ഞാന്‍ നെഞ്ചിലേറ്റിയ പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നുവെന്നത് പ്രയാസമായിരുന്നു. അതില്‍ നിന്ന് എന്നെ ആശ്വസിപ്പിച്ചത് അന്‍വര്‍ സാറാണ്. അന്‍വര്‍ മത്സരിക്കാന്‍ പറഞ്ഞു, ക്ഷണം സ്വീകരിച്ചു', അദ്ദേഹം പറഞ്ഞു.
അന്‍വറിന്റെ ഒന്ന് രണ്ട് പ്രസംഗങ്ങളാണ് അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്നും സുധീര്‍ പറഞ്ഞു. സത്യസന്ധനായ മനുഷ്യസ്‌നേഹിയായാണ് അദ്ദേഹത്തെ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ കമ്മിറ്റ്‌മെന്റ് മനസിലാക്കിയെന്നും അതുകൊണ്ടാണ് ഡിഎംകെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ എഐസിസി അംഗമാണ് എന്‍ കെ സുധീര്‍. ഇതുവരെ സ്ഥാനങ്ങളില്‍ നിന്ന് രാജി വെച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Content Highlights: N K Sudheer reaction on avoiding chelakkara congress candidacy