കോണ്‍ഗ്രസില്‍ നിന്ന് രാജിക്കില്ലെന്ന് സരിന്‍; ഇന്നും മാധ്യമങ്ങളെ കാണും, കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും

അതേ സമയം സരിനെതിരെ കോണ്‍ഗ്രസ് ഉടന്‍ നടപടി സ്വീകരിക്കില്ല

dot image

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കേന്ദ്രീകരിച്ച് ആഞ്ഞടിക്കാനാണ് സരിന്‍ ഒരുങ്ങുന്നത്.

ഇന്ന് തന്നെ സരിന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിക്കില്ലെന്ന നിലപാടാണ് സരിന്‍ സ്വീകരിക്കുക. പാര്‍ട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും എന്ന നിലപാടാണ് സരിനെടുക്കുക. തിരുത്തല്‍ ശക്തിയായി പൊതുസമൂഹത്തില്‍ അടയാളപ്പെടുത്താനാണ് സരിന്റെ ശ്രമം.

അതേ സമയം സരിനെതിരെ കോണ്‍ഗ്രസ് ഉടന്‍ നടപടി സ്വീകരിക്കില്ല. സരിന്‍ നടത്തിയ പ്രസ്താവനയില്‍ അച്ചടക്ക ലംഘനമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സരിന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമായിരിക്കും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തുടര്‍നീക്കം. ഇന്നത്തെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചിരുന്നുവെന്നും സരിന്‍ സൂചിപ്പിച്ചിരുന്നു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും പി സരിൻ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ പുനർചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിൻ പറഞ്ഞു. വെള്ളക്കടലാസിൽ അച്ചടിച്ചു വന്നാൽ സ്ഥാനാർത്ഥിത്വം പൂർണ്ണമാകില്ലെന്ന് പറഞ്ഞ സരിൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂർ, പി സരിൻ നേതൃത്വത്തിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. സരിൻ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണം. പാർട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹം. അതിനെ മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയത്. പാർട്ടി തീരുമാനം കാത്തിരുന്ന് കാണാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്‌നവുമില്ല. മികച്ച സ്ഥാനാർത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലിനേക്കാൾ ഭൂരിപക്ഷം രാഹുലിന് ലഭിക്കും. പാലക്കാട്ടെ സെക്കുലർ വോട്ടുകൾ രാഹുലിന് ലഭിക്കും. രാഹുലിന് ഷാഫിയുടെ മേൽവിലാസം ഉള്ളത് തന്നെ ഒരു അധിക യോഗ്യത ആണ്. പത്രസമ്മേളനത്തിനു മുൻപ് സരിനുമായി താൻ സംസാരിച്ചിരുന്നുവെന്നും അച്ചടക്ക നടപടിയെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image