ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി; എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും സിപിഐഎമ്മും: പി വി അന്‍വർ

'എഡിഎം അഴിമതിക്കാരനെന്ന് പറഞ്ഞ് നേരത്തെ പരാതി ലഭിച്ചതായി കൃത്രിമ രേഖയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്'

dot image

പാലക്കാട്: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പി പി ദിവ്യയുടെ ഭര്‍ത്താവ്, പി ശശിയുടെ ബിനാമിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വ്യക്തമായതെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ബിനാമികളുടെ പേരിലുണ്ട്. അതിലൊരു ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ്

എഡിഎം സത്യസന്ധനായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. അമിതമായ പി ശശിയുടെ ഇടപെടല്‍ അദ്ദേഹം പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നവീന്‍ ബാബു സ്ഥലംമാറ്റം ചോദിച്ചത്. മാറിപോകുന്ന ഘട്ടത്തിലാണ് എഡിഎമ്മിന് പണികൊടുക്കണമെന്ന് പി ശശി ആലോചിക്കുന്നത്. കൈക്കൂലിക്കാരനെന്ന് വരുത്തി തീര്‍ക്കാനായാണ് ജില്ലാ സെക്രട്ടറിയെ ഉപയോഗിച്ചത്.

കൃത്യമായ അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്, എഡിഎം അഴിമതിക്കാരനെന്ന് പറഞ്ഞ് നേരത്തെ പരാതി ലഭിച്ചതായി കൃത്രിമ രേഖയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്. സര്‍ക്കാരിനും സിപിഐഎമ്മിനുമാണ് ഇതിന് ഉത്തരവാദിത്തം. സംഭവത്തില്‍ പൊലീസ് അന്വേഷണം എവിടെയും എത്തില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.

'എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ജനങ്ങള്‍ക്ക് അറിയണം. ഞാന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇറങ്ങിയവനല്ല. ഞാന്‍ പറയുന്ന പാര്‍ട്ടി പാവപ്പെട്ട സഖാക്കളാണ്. എല്ലാ തോന്നിവാസത്തിനും കൂട്ടുനില്‍ക്കുന്ന, കമ്മ്യൂണിസ്റ്റുകാരോട് പ്രതിബദ്ധതയില്ലാത്ത പാര്‍ട്ടിയല്ല എന്റേത്. നേതൃനിരയില്‍ നില്‍ക്കുന്നവരുടെ പാര്‍ട്ടിക്ക് വേണ്ടിയല്ല ഞാന്‍ സംസാരിച്ചത്, സാധാരണക്കാരുടെ പാര്‍ട്ടിക്ക് വേണ്ടിയാണ്.

ഇപ്പോള്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നിയന്ത്രിക്കുന്നത് വരേണ്യ വര്‍ഗമാണ്. പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. അഭിപ്രായങ്ങള്‍ പറയാന്‍ അനുവാദമില്ല. പാര്‍ട്ടിയില്‍ പിണറായിയുടെ ഏകാധിപത്യമാണ്. പിണറായിക്ക് 'ഞാനും കെട്ട്യോനും തട്ടാനും മതി'യെന്ന് നിലപാട്', അന്‍വര്‍ വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ ഭാഷയാണെന്നും അന്‍വര്‍ ആരോപിച്ചു. 'പാലക്കാട് ഡിഎംകെ മത്സരിച്ചാല്‍ ബിജെപിക്ക് ഗുണം എന്നാണ് പറയുന്നത്. സിപിഐഎം വോട്ട് എങ്ങനെയാണ് കുറഞ്ഞത്. ഇതിനുത്തരവാദി പി വി അന്‍വര്‍ ആണോ? പി വി അന്‍വര്‍ ഡിഎംകെ ഉണ്ടാക്കിയത് കൊണ്ടാണോ പാലക്കാട് 55,000 വോട്ടില്‍ നിന്ന് 28,000 വോട്ടിലേക്ക് കുറഞ്ഞത്? ഒ രാജഗോപാലിനെ വിജയിപ്പിച്ചത് ആരാണ്? കണക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ വെല്ലുവിളിക്കുകയാണ്. ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥി വന്നാല്‍ ഡിഎംകെ പിന്തുണക്കും.

പാലക്കാട് എന്റെ നാടാണ്. അതിന്റെ ബന്ധങ്ങളും ഉണ്ട്. എവിടുന്നോ കയറി വന്ന കോണ്‍ഗ്രസ് സംസ്‌കാരം ഉള്ള പിവി അന്‍വര്‍ എന്നാണ് മുഖ്യമന്ത്രി എന്നെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസുകാരനെ തിരഞ്ഞുനടക്കുകയാണ്.

ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. എന്‍ കെ സുധീറിനോട് മൂന്ന് മാസം മുമ്പ് പ്രവര്‍ത്തിക്കാന്‍ പറഞ്ഞിരുന്നു. നിങ്ങളാണ് സ്ഥാനാര്‍ത്ഥിയെന്നും സുധീറിനോട് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു. അത് വിശ്വസിച്ചാണ് സൂധീര്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്റെയടുത്ത് വന്ന് സുധീറിന്റെ കാര്യം സംസാരിച്ചത്. അവര്‍ പിന്തുണക്കുമെന്നും അറിയിച്ചു. ചേലക്കരയില്‍ പോയാല്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ പോയ അവസ്ഥയാണ്. റോഡില്ല, കുടിവെള്ളമില്ല', അന്‍വര്‍ പറഞ്ഞു.

പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മിന്‍ഹാജ് എത്തുമെന്നും അന്‍വര്‍ പറഞ്ഞു. കാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജ് നിരവധി പേരെ സഹായിക്കുന്ന മനുഷ്യനാണെന്ന് അന്‍വര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയില്‍ നിന്നും തനിക്ക് വോട്ടുകള്‍ കിട്ടും. ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും. ഇന്‍ഡ്യ മുന്നണി ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണക്കുമെന്നും അന്‍വര്‍ അറിയിച്ചു.

'രണ്ട് മണ്ഡലങ്ങളിലും അണിയറ നീക്കങ്ങള്‍ നടക്കും. അത് വോട്ടെണ്ണുമ്പോള്‍ മനസിലാക്കും. എന്തുകൊണ്ടാണ് അരിവാള്‍ ചുറ്റിക സിപിഐഎം ആലോചിക്കാത്തത്? എന്തുകൊണ്ട് പാലക്കാട് അതിനുള്ള ത്രാണി ഇല്ലാതെ പോയി? ബിജെപിക്ക് വോട്ട് മാറ്റി ചെയ്യണം അതാണ് ലക്ഷ്യം', പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Content Highlights: P V Avar's Allegation Against P Sasi In Death Of ADM

dot image
To advertise here,contact us
dot image