പ്രിയങ്കാ ഗാന്ധി പരാജയപ്പെടും, എല്‍ഡിഎഫിന്റേത് രാഷ്ട്രീയപോരാട്ടം: സത്യന്‍ മൊകേരി

നിയമസഭയില്‍ മത്സരിച്ച അനുഭവം ശക്തം

dot image

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് സത്യന്‍ മൊകേരി. ശുഭാപ്തി വിശ്വാസത്തോടെയാണ് വയനാട്ടില്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും നിയമസഭയില്‍ മത്സരിച്ച അനുഭവം ശക്തമാണെന്നും സത്യന്‍ മൊകേരി മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം.

പ്രിയങ്കാഗാന്ധിയാണ് എതിര്‍സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ, 'ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. പ്രിയങ്കാഗാന്ധി ആവട്ടെ. ഇന്ദിരാ ഗാന്ധി തോറ്റിട്ടില്ലേ. രാഹുല്‍ ഗാന്ധിയും കരുണാകരനും പരാജയപ്പെട്ടിട്ടില്ലേ. ആര്‍ക്കും പരാജയപ്പെടാമല്ലോ. ഈ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക പരാജയപ്പെടും. എല്‍ഡിഎഫ് വിജയിക്കും. എല്‍ഡിഎഫ് രാഷ്ട്രീയമാണ് ഉന്നയിക്കുന്നത്.'

തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടില്‍ നടക്കാന്‍ പോകുന്നതെന്നുമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിനോയ് വിശ്വം പ്രതികരിച്ചത്. കര്‍ഷക പോരാട്ട നേതാവാണ് സത്യന്‍ മൊകേരിയെന്നും കര്‍ഷക പോരാട്ടം നടക്കുന്ന കാലത്ത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കര്‍ഷക നേതാവിനെയാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

2014 ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി 20,000 വോട്ടിനാണ് പരാജയപ്പെട്ടത്. സത്യന്‍ മോകേരിയുടെയും ബിജി മോളുടെയും പേരുകളാണ് മണ്ഡലത്തില്‍ പ്രധാനമായും പരിഗണിച്ചിരുന്നത്.

dot image
To advertise here,contact us
dot image