'അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി'; രമേശ് ചെന്നിത്തല

സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

dot image

തിരുവനന്തപുരം: സരിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം. അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ല. സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈ ആയി മാറി. കോണ്‍ഗ്രസ് - ബിജെപി ഡീല്‍ ഇല്ലെന്നും തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെയും ബിജെപിയെയും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് അറിയിച്ചു. കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി.

അതേസമയം പി സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പി സരിന് പൂര്‍ണ പിന്തുണയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്. പാലക്കാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ പാര്‍ട്ടിയില്‍ തീരുമാനമായിരുന്നു. സരിന്റെ തീരുമാനമെത്തിയതിന് ശേഷം പ്രഖ്യാപനം നടത്താമെന്ന നിലപാടിലായിരുന്നു നേതൃത്വം. സിപിഐഎമ്മിന്റെ സ്വതന്ത്രനായാണ് സരിന്‍ പാലക്കാട് മത്സരത്തിനിറങ്ങുക.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എതിര്‍പ്പുമായി പി സരിന്‍ രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍.

Content Highlight: ramesh chennithala against p sarin

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us