തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഐ നേതാവ് സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവില്ല. സത്യന്‍ മൊകേരി മത്സരിക്കാന്‍ ബുദ്ധിമുട്ടറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു പേര് പരിഗണിക്കുകയാണ് സിപിഐ.
ഈ സാഹചര്യത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാവും.
സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. വനിത സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ശോഭാ സുരേന്ദ്രന്റെ പേരും ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ച് എ പി അബ്ദുള്ള കുട്ടിയുടെ പേരും ഒപ്പം എം ടി രമേശിന്റെ പേരുമാണ് നിലവില്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് അയച്ചിരിക്കുന്നത്.
രാഹുല്‍ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് വയനാട് സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം വിജയിച്ചശേഷം വയനാടിനെ കയ്യൊഴിഞ്ഞ രാഹുല്‍ ഗാന്ധിയുടെ നിലപാട് ഈ തിരഞ്ഞെടുപ്പില്‍ സിപിഐ ആയുധമാക്കും.
കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം 13നാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. 23ന് വോട്ടെണ്ണലും നടക്കും. തീയതി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് മണ്ഡലങ്ങളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസും പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങും. എല്‍ഡിഎഫിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.