കണ്ണൂര്‍: എഡിഎം നവീന്‍ ബാബു സ്‌നേഹത്തോടെ ഇടപെടുന്ന ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. എന്‍ഒസിക്കായി നിരന്തരം സമീപിച്ച സംരംഭകനോടാണ് നവീന്‍ ബാബു കരുതലോടെ ഇടപെട്ടത്. ദിവസവും ജോലിയും കളഞ്ഞ് ദൂരത്ത് നിന്ന് വരികയാണല്ലേ എന്നാണ് നവീന്‍ ബാബു സംരംഭകനോട് ചോദിച്ചത്. നവീന്‍ ബാബുവിന്റെ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് ലഭിച്ചു. എഡിഎം സ്ഥലം മാറിപ്പോകുന്നതിന് തൊട്ട് മുമ്പുള്ള ദിവസത്തെ സംഭാഷണമാണിത്. റിപ്പോര്‍ട്ടര്‍ ബിഗ് എക്‌സ്‌ക്ലൂസീവ്.
എന്‍ഒസിക്കായി കണ്ണൂര്‍ സ്വദേശിയായ സംരംഭകനാണ് എഡിഎം നവീന്‍ ബാബുവിനെ സ്ഥിരം സമീപിച്ചത്. ഭാര്യക്കൊപ്പമായിരുന്നു ഇയാള്‍ എഡിഎമ്മിനെ കാണാന്‍ എത്തിയിരുന്നത്. വീട്ടില്‍ നിന്ന് എഡിഎം ഓഫീസിലേയ്ക്കും തിരിച്ചും നൂറ് കിലോമീറ്ററിലേറെ ദൂരമുണ്ടെന്നാണ് സംരംഭകന്‍ നവീൻ ബാബുവിനോട് പറഞ്ഞത്. അപ്പോഴാണ് സംരംഭകന്റെ ബുദ്ധിമുട്ട് മനസിലാക്കി എഡിഎം സംസാരിക്കുന്നത്.
പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലാണ് സംരംഭകന് എന്‍ഒസി ലഭിക്കാന്‍ വൈകിയത്. ഇയാള്‍ക്കാണ് നവീന്‍ ബാബു അവസാനമായി എന്‍ഒസി കൊടുക്കുന്നത്. എന്‍ഒസിക്കായി കൈക്കൂലി കൊടുക്കേണ്ടി വന്നില്ലെന്നാണ് സംരംഭകൻ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. നേരത്തേ ഇയാളും വിവാദ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ആദ്യം പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ എഡിഎമ്മിന് കൈക്കൂലി നല്‍കിയ കാര്യം പ്രശാന്തന്‍ പറഞ്ഞിരുന്നില്ല. രണ്ടാമത്തെ ഫോണ്‍ സംഭാഷണത്തില്‍ നവീന്‍ ബാബുവിനെ കുടുക്കാന്‍ ചെയ്തതാണെന്നായിരുന്നു പ്രശാന്തന്‍ പറയുന്നത്. എഡിഎമ്മിനെ കുടുക്കാന്‍ ചെയ്തതല്ലേ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു പ്രശാന്തന്റെ മറുപടി.
Content Highlights- adm naveen babus last conversation with an enterpriser from kannur out