കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരം കുറ്റമെന്ന് ഹൈക്കോടതി. അമ്മയും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തില്‍ തിരുവനന്തപുരം പോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്നശരീരം കുട്ടി കാണാനിടയാകുന്നത് പോക്‌സോ ആക്ട് പ്രകാരം കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പോക്‌സോ പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അതേസമയം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യം ഹര്‍ജിക്കാരനെതിരെ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരത്തെ ലോഡ്ജില്‍വെച്ചായിരുന്നു സംഭവം നടന്നത്. യുവാവും യുവതിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുവതിയുടെ പതിനാറ് വയസുകാരനായ മകന്‍ കണ്ടിരുന്നു. മകനെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍വിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ വാതില്‍ അടച്ചിരുന്നില്ല. മകന്‍ തിരിച്ചുവന്നതോടെ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടു. തുടര്‍ന്ന് പതിനാറുകാരന്‍ ഇത് ചോദ്യം ചെയ്യുകയും വലിയ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. യുവാവ് കുട്ടിയെ മര്‍ദിച്ചതോടെ പൊലീസ് ഇടപെട്ടു. കുട്ടിയുടെ അമ്മയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പോക്‌സോ ആക്ടിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നില പ്രകാരമുള്ള കുറ്റങ്ങളും ചുമത്തുകയായിരുന്നു.
Content Highlights- having sex in presence of minor is punishable under pocso