രാഹുലിന്റെ പേര് വെട്ടി തന്‍റേത് ചേര്‍ക്കണമെന്ന് സരിന്‍ ആവശ്യപ്പെട്ടു, നടക്കില്ലെന്ന് പറഞ്ഞതോടെ നിറംമാറ്റം: ഹസൻ

എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പേര് വെട്ടണം എന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്

dot image

കൊച്ചി: പി സരിന്‍ അവസരവാദിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി. സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും ഹസ്സന്‍ പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നതോടെ സരിന്‍ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം ഹസ്സന്‍ ആവര്‍ത്തിച്ചു.

'സരിന്‍ ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചു. അതിന് സരിന് അവകാശമുണ്ട്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഏകകണ്ഠമായി സ്ഥാനാര്‍ത്ഥിയുടെ പേര് അയച്ചു. ഹൈക്കമാന്‍ഡില്‍ പേര് എത്തിയപ്പോഴാണ് സരിന്‍ കെ സി വേണുഗോപാലിനെ വിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വെട്ടി തന്റെ പേര് എഴുതണം എന്ന് ആവശ്യപ്പെട്ടു. കെപിസിസി തന്ന പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചുകഴിഞ്ഞാല്‍ മാറ്റാന്‍ സാധിക്കില്ലെന്ന് കെ സി വേണുഗോപാല്‍ മറുപടി നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പേര് വെട്ടണം എന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍ അതും നടക്കില്ലെന്ന് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന് കണ്ടതോടെ ബിജെപിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. എന്നാല്‍ സരിനെ അംഗീകരിക്കാന്‍ ബിജെപി തയ്യാറാവാത്തതോടെ പത്രസമ്മേളനം വിളിച്ചു. ഓവര്‍നൈറ്റ് അഭിപ്രായം മാറാന്‍ സരിനേ കഴിയൂ. ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി. സഹതാപം മാത്രം. അവസരവാദിയെ തന്നെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്', എന്നായിരുന്നു ഹസന്‍ഖെ പ്രതികരണം.

അതേസമയം പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരിന്റെ പേര് ഉറപ്പിച്ച് കഴിഞ്ഞു. സരിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന നിര്‍ദേശിക്കുകയായിരുന്നു. സിപിഐഎം സ്വതന്ത്രനായിട്ടായിരിക്കും വോട്ട് തേടുകയെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കണമെന്നാണ് സെക്രട്ടറിയേറ്റ് അഭിപ്രായം. സംസ്ഥാന സമിതിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സിപിഐഎം ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ മടിയില്ലെന്ന് സരിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Content Highlights: M M Hassan Against Sarin Over new Moves

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us