നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയെടുത്തു

ഒരു ലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്നാണ് പ്രശാന്തൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്

dot image

കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുത്ത് പൊലീസ്. കണ്ണൂർ ടൗൺ പൊലീസാണ് പ്രശാന്തന്റെ മൊഴിയെടുത്തത്. പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്തത്.

ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾപമ്പ് തുടങ്ങാനാണ് പ്രശാന്തൻ അപേക്ഷ സമർപ്പിച്ചത്. എൻഒസി ലഭിക്കാണമെങ്കിൽ കൈക്കൂലി നൽകണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടതായാണ് ആരോപണം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജീവനക്കാരനാണ് പ്രശാന്തൻ. ഒരു ലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്നാണ് പ്രശാന്തൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംരംഭകൻ ആരോപിച്ചിരുന്നു. ക്വാട്ടേഴ്‌സിൽ വെച്ചാണ് പണം നൽകിയത്. ഇക്കാര്യം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു.

അതേസമയം എഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് കണ്ണൂർ കളക്ടർ റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിർണായ ശബ്ദരേഖ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. എഡിഎം കൈക്കൂലിക്കാരൻ അല്ലെന്ന് പ്രശാന്തൻ പറയുന്നതാണ് ഫോൺ സംഭാഷണം.

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കപ്പെടാതെയെത്തിയ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു.

രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിമർശനങ്ങൾ ശക്തമായതോടെ പി പി ദിവ്യക്ക് സംരക്ഷണമൊരുക്കാൻ സിപിഐഎം ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു. തന്റെ പരാമർശങ്ങൾ ദുരുദ്ദേശപരമായിരുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നുമായിരുന്നു രാജിക്ക് പിന്നാലെ പി പി ദിവ്യയുടെ പ്രതികരണം.

Content Highlight: Police records statement of Prasanthan in bribery allegation against Naveen Babu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us