കൊച്ചി: പൊന്നാനി പീഡനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി. എഫ്ഐആർ എടുക്കാത്തത് 'ഷോക്കിംഗ്' ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്ഐആർ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.
2022ൽ സിഐ വിനോദ് പീഡിപ്പിച്ച പരാതിയിൽ നടപടി എടുത്തില്ല. മൂന്ന് വർഷമായിട്ടും നടപടി എടുക്കാത്തത് ഞെട്ടിക്കുന്നതാണ്. സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് നേരിട്ട് ഉത്തരവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിടേണ്ടത് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ്. പൊന്നാനി മജിസ്‌ട്രേറ്റ് വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം. ഉത്തരവിന്റെ പകർപ്പ് പൊന്നാനി മജിസ്‌ട്രേറ്റിന് നൽകാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഗുരുതര കുറ്റകൃത്യത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ലളിത കുമാരി കേസിലെ വിധിയിൽ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
മറുഭാഗം കേൾക്കാതെ കേസെടുക്കാനാവില്ലെന്ന സർക്കാർ വാദം കോടതി തള്ളി. പരാതിക്കാരിയുടെ മൊഴിയിൽ വ്യക്തതയുണ്ടെന്നും പൊലീസ് റിപ്പോർട്ട് തേടിയ മജിസ്‌ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പൊന്നാനി മുൻ സിഐ വിനോദിന് പുറമേ മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി എന്നിവർ ഉദ്യോഗസ്ഥർ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. റിപ്പോർട്ടർ ചാനലിലൂടെയായിരുന്നു യുവതി ദുരനുഭവം വെളിപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ പരസ്പരം കൈമാറി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചിരുന്നു.
2022ലായിരുന്നു സംഭവം. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടു. എന്നാൽ സുജിത് ദാസും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു.
സംഭവം വാർത്തയായതോടെ ആരോപണങ്ങൾ തള്ളി ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. യുവതി ആരോപിക്കുന്ന തരത്തിൽ അവരുടെ വീട്ടിലേക്ക് പോയിട്ടില്ല. കോളോ, വാട്സ്ആപ്പ് കോളോ അടക്കം യാതൊരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും വിനോദ് പറഞ്ഞിരുന്നു. പരാതിക്കാരിയുടെ വീട്ടില്‍ പോയപ്പോൾ തന്നെ കണ്ടുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. അക്കാര്യം അറിയില്ല. യുവതി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നും വിനോദ് ആരോപിച്ചിരുന്നു.
Content High;ight: Ponnani Rape Case: Kerala Highcourt questions Police over delay in filing FIR