കോഴിക്കോട്: പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സരിന്‍ ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയായത് കൃത്രിമം കാണിച്ചാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തെറ്റായ തീരുമാനമായിരുന്നു അത്. മികച്ച സ്ഥാനാര്‍ത്ഥി ഒറ്റപ്പാലത്ത് ഉണ്ടായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അധ്യാപക സംഘടനാ നേതാവിനെ മാറ്റിയാണ് സരിന് സീറ്റ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി എന്നു പറഞ്ഞാണ് സരിന്‍ എത്തിയത്. കെപിസിസി നല്‍കിയ പട്ടികയില്‍ സരിന്‍ ഉണ്ടായിരുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വി ഡി സതീശനെതിരെ സരിന്‍ ഉന്നയിച്ച ആരോപണങ്ങളും മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളി. അംഗീകരിക്കാന്‍ ആവാത്ത ആരോപണങ്ങളാണ് സരിന്‍ ഉന്നയിച്ചത്. അവസരവാദത്തിന്റെ മുഖമാണ് സരിന്‍. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എല്ലാവരും ഒരുമിച്ച് തീരുമാനിച്ച ശേഷമാണ്. താന്‍ നിര്‍ദ്ദേശിച്ച പേരും രാഹുലിന്റേതാണ്. മിന്നുന്ന വിജയം പാലക്കാട് രാഹുല്‍ നേടും. പാര്‍ട്ടി ചിനത്തില്‍ മത്സരിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്ത വിധം സിപിഐഎം അധപതിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതിന് പിന്നാലെ പാര്‍ട്ടിക്കെതിരെയും നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സരിന്‍ പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സരിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന നിര്‍ദേശിക്കുകയായിരുന്നു. സിപിഐഎം സ്വതന്ത്രനായിട്ടായിരിക്കും വോട്ട് തേടുകയെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടുണ്ടാവും.
Content Highlights: Sarin's candidacy in Ottapalam was rigged said Mullappally Ramachandran