പാര്‍ട്ടിവിടാനൊരുങ്ങുന്നതിനിടെ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള പ്രൊഫൈല്‍ ചിത്രം; ഒറ്റുകാര്‍ക്കെതിരെയെന്ന് ഷാനിബ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രമാണ് ഷാനിബ് പങ്കുവെച്ചിരിക്കുന്നത്

dot image

പാലക്കാട്: പാര്‍ട്ടി വിടാനൊരുങ്ങുന്നതിനിടെ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രമാണ് ഷാനിബ് പങ്കുവെച്ചിരിക്കുന്നത്. സമാനഫോട്ടോയാണ് കവര്‍ചിത്രത്തിലുമുള്ളത്.

ഇന്ന് 11.45 ന് ഷാനിബ് സിപിഐഎമ്മില്‍ ചേരുമെന്നാണ് സ്ഥിരീകരിച്ച വിവരം. ഇതേ സമയത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രം മാറ്റി പാര്‍ട്ടി മാറുന്ന ആദ്യത്തെയാള്‍ താങ്കളായിരിക്കുമെന്നതുള്‍പ്പെടെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

പാലക്കാട്ടെ നിഷ്‌കളങ്കരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റിക്കൊടുക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് മറ്റൊരു പോസ്റ്റില്‍ ഷാനിബ് പറയുന്നു. 'പാലക്കാട്ടെ നിഷ്‌കളങ്കരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റിക്കൊടുക്കാന്‍ കൂട്ട് നില്‍ക്കാന്‍ കഴിയില്ല. ഒറ്റുകാര്‍ക്കെതിരെ. ഇന്ന് രാവിലെ 11.45 ന് മാധ്യമങ്ങളെ കാണും', എന്നാണ് അറിയിച്ചത്.

പാലക്കാട്ടെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി അറിയിച്ചാണ് ഷാനിബും പാര്‍ട്ടി വിടുന്നതെന്നാണ് വിവരം. നേതൃത്വത്തിന് എതിരെ തുറന്നടിക്കാനാണ് നേതാവിന്റെ തീരുമാനം.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോള്‍ സെക്രട്ടറിയായി ഷാനിബ് പ്രവര്‍ത്തിച്ചിരുന്നു. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്.

കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്നും ഒഴിവായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര എംപി ഷാഫി പറമ്പില്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടത്. മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറും പാര്‍ട്ടി വിട്ടിരുന്നു. സരിന്‍ സിപിഐഎമ്മിന് വേണ്ടി പാലക്കാടും എന്‍ കെ സുധീര്‍ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയിലും മത്സരിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image