കൊച്ചി: എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്നും പി സരിനെ പുറത്താക്കി. പി സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി.
പാര്‍ട്ടിക്കെതിരായി മത്സരിച്ചു, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. ഈ ദിവസം മുതല്‍ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്‌യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്‌യു ലോ കോളേജ് യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവയില്‍ വ്യക്തമാക്കി.
അതിനിടെ പി സരിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. സരിന്‍ ഒരു നിഴല്‍ മാത്രമാണെന്നും ബുദ്ധിയും വിവരവുമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും സുധാകരന്‍ പരിഹസിച്ചു. അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
'സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ല. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി സിപിഐഎമ്മിന് തന്നെ ഭീഷണി. മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും. വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണ്. ഇവിടെ വന്ന് സീറ്റ് പിടിച്ച് പോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്', സുധാകരന്‍ പറഞ്ഞു.