കണ്ണൂര്‍: കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആണ് പരാതി നല്‍കിയത്. എഡിഎമ്മിന്റെ ആത്മഹത്യയില്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍ ആണെന്ന് കെഎസ്‌യു പരാതിയില്‍ പറഞ്ഞു. ജില്ലാ കളക്ടറെയും കേസില്‍ പ്രതിചേര്‍ക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നും പരാതിയില്‍ പറയുന്നു.
'കളക്ടറുടെ താത്പര്യപ്രകാരമായിരുന്നു യാത്രയയപ്പ് ചടങ്ങ് നടന്നത്. ഒന്നാം പ്രതി ദിവ്യ ജില്ലാ കളക്ടറുടെ പങ്ക് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ജില്ലാ കളക്ടറെയും കേസില്‍ പ്രതിചേര്‍ക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കളക്ടര്‍ പരിപാടിയുടെ സമയം മാറ്റിയതും, ദിവ്യയെ കളക്ടര്‍ നേരിട്ട് ക്ഷണിച്ചതും, സംസാരിക്കാന്‍ അവസരം നല്‍കിയതും അന്വേഷിക്കണം. കളക്ടര്‍ ഈ സ്ഥാനത്ത് തുടരുമ്പോള്‍ പൊലീസിന് നിഷ്പക്ഷമായി അന്വേഷിക്കാന്‍ സാധിക്കില്ല', പരാതിയില്‍ പറഞ്ഞു.
അതേസമയം പരിപാടി നടത്തിയത് താനല്ലെന്നും സ്റ്റാഫ് കൗണ്‍സിലാണെന്നും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനും പ്രതികരിച്ചു. മരണം നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താന്‍ ഉണ്ടാവുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ പത്തനംതിട്ടയില്‍ പോയിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതില്‍ പരിമിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു മറുപടി.
Content Highlights: KSU compliant against Kannur Collector to Chief Minister Pinarayi Vijyan