തിരുവനന്തപുരം: സിപിഐഎമ്മിലേക്ക് പോകുന്നു എന്ന് സ്ഥിരീകരിച്ചുളള വാർത്താസമ്മേളനം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഡിജിറ്റൽ സംവിധാനങ്ങളുടെ അഡ്മിൻ പദവിയിൽ നിന്ന് സരിനെ നീക്കി കെപിസിസി.
വെബ്സൈറ്റിന്റെ ലോഗിൻ വിശദാംശങ്ങൾ സരിന്റെ കൈവശമുളളതിനാൽ അതുപയോഗിച്ച് അദ്ദേഹത്തിനുണ്ടാക്കാൻ കഴിയുന്ന ആഘാതത്തെ മുൻകൂട്ടി കണ്ടു കൊണ്ടായിരുന്നു കെപിസിസി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. പാർട്ടിയുടെ ഡിജിറ്റൽ സംവിധാനങ്ങളിൽ നിന്ന് സരിനെ അടിയന്തരമായി നീക്കാൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരാനാണ് ഫോണിലൂടെ നിർദേശം നൽകുകയായിരുന്നു.
2006 ലാണ് പാർട്ടിയുടെ വെബ്സൈറ്റ് തയാറാക്കിയത്. അന്ന് കെപിസിസി ഐടി ചെയർമാനായ രഞ്ജിത് ബാലന്റെ സഹായത്തോടെയാണ് വെബ്സൈറ്റ് രൂപികരിച്ചത്. അദ്ദേഹത്തിന്റെ സഹായത്തോടെ തന്നെയാണ് ലോഗിൻ വിവരങ്ങൾ മാറ്റിയത്.
വ്യാഴാഴ്ച സരിൻ വാർത്താസമ്മേളനം ആരംഭിക്കുന്നതിനു മുൻപ് പാർട്ടിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് അക്കൗഡുകളുടെ അഡ്മിൻ സ്ഥാനത്ത് നിന്ന് സരിനെ ഒഴിവാക്കിയിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിലിരിക്കവെ പാർട്ടി വിടുന്ന രണ്ടാമത്തെ നേതാവാണ് സരിൻ. ഇതിന് മുന്നേ അനിൽ ആന്റണിയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ അറിയിച്ചിരുന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പി സരിനും പ്രതികരിച്ചിരുന്നു. അവസരം ലഭിച്ചതില്‍ അഭിമാനം രേഖപ്പെടുത്തുന്നു. ദൗത്യത്തിന് ജനമനസുകളുടെ പിന്തുണയുണ്ടാകണം. ജനങ്ങളുടെ പ്രതിനിധിയാവാന്‍ ഒരു മുന്നണി ചുമതലപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു സരിൻറെ പ്രതികരണം.
Content Highlights: P Sarin was removed from the post of admin of KPCC's digital systems