തിരുവനന്തപുരം: മുഖ്യമന്ത്രി - ആർഎസ്എസ് ബന്ധത്തിന്റെ ദല്ലാൾ എഡിജിപി എം ആർ അജിത് കുമാറാണെന്ന് പി വി അൻവർ എംഎൽഎ. സിപിഐഎം സമ്മേളനങ്ങൾ കഴിയുമ്പോൾ പിണറായി വിജയന് സ്ഥാനത്തു തുടരാനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യത്തിന്റെ ആണിയടിക്കുകയാണ് സംസ്ഥാന നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിന് പ്രാപ്തരായ പലരുമുണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അതില്ല. പാലക്കാട് തിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കണം എന്നാണ് ആവശ്യം. ഇല്ലെങ്കിൽ ബിജെപി വിജയിക്കുമെന്നാണ് വാദം. അതെങ്ങനെ ശരിയാകും. പാലക്കാട് ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കാം. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം. കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തിയിൽ ജയിച്ച് ഒന്നര വർഷം നിയമസഭയിൽ എന്ത് ചെയ്യാനാണ്. രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് എല്ലാവരുടെയും സ്ഥാനാർഥിയാകട്ടെ. പ്രചാരണത്തിന്റെ മുന്നിൽ ഡിഎംകെ ഉണ്ടാകും. പാലക്കാട് ഡിഎംകെ മൽസരിച്ചിട്ടില്ലെങ്കിൽ പോലും കോൺഗ്രസ് ജയിക്കുമോയെന്ന് ഉറപ്പില്ലെന്ന് പറഞ്ഞ അൻവർ പാലക്കാട് കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ പോലും സ്ഥാനാർത്ഥിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ല. കോൺഗ്രസിൽ നിന്നും രാജി വച്ച സരിന്റെ മൂട്ടിൽ സിപിഐഎം മൂന്ന് ദിവസം കിടന്നു. മൂന്ന് ദിവസം കൊണ്ട് സഖാഖ് സരിനായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
പൊന്നാനിയിലെ സ്ത്രീ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിട്ടു. പരാതിക്കാരിയുടെ വീട്ടിൽ രാത്രി പൊലീസ് എത്തി ഭീഷണിപ്പെടുത്തി. കേസില്ലാതാക്കാൻ ശ്രമിച്ചു. സി ഐ പീഡിപ്പിച്ച ശേഷം പോകുമ്പോൾ അയൽക്കാരി സി ഐ യെ തടഞ്ഞിരുന്നു. 10 ദിവസത്തിനകം എഫ്ഐആർ ഇടാൻ ഇന്നലെ കോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: PV Anvar against Pinarayi Vijayan