വയനാട്ടിൽ ഡിഎംകെയുടെ പിന്തുണ പ്രിയങ്കയ്ക്ക്; സംഘപരിവാർ ശക്തികൾക്കെതിരെ നിലക്കൊള്ളുമെന്ന് അൻവർ

പ്രിയങ്കയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അന്‍വര്‍ പറഞ്ഞു

dot image

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ ഡിഎംകെ പിന്തുണയ്ക്കും. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെ അവര്‍ക്കെതിരെ നില്‍ക്കുക എന്നതായിരിക്കും നിലപാടെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പറഞ്ഞു. പ്രിയങ്കയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ പിന്തുണ അറിയിച്ചത്.

'വയനാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് ഡിഎംകെ നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നു. രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെയൊക്കെ അവര്‍ക്കെതിരായി നില്‍ക്കുന്നവരോടൊപ്പം നില്‍ക്കുക എന്നതായിരിക്കും എല്ലാ ജനാധിപത്യ വിശ്വാസികളുടേയും നിലപാട്. അതില്‍നിന്നും വേറിട്ടൊരു നിലപാട് ഡി എം കെയ്ക്കും ഇല്ല. അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്കായിരിക്കുമെന്നു പറയുന്നതില്‍ അഭിമാനമുണ്ട്', അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ആവശ്യമായ ദുരിതാശ്വാസം നല്‍കുന്നതില്‍നിന്ന് വിമുഖ കാണിച്ച കേന്ദ്രസര്‍ക്കാരിനെതിരായ വിലയിരുത്തല്‍കൂടിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്ന് അന്‍വര്‍ പറഞ്ഞു. പ്രിയങ്കാഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും വയനാട്ടിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇൻഡ്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായാല്‍ പിന്തുണക്കുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ചിഹ്നത്തില്‍ അല്ലാതെ സ്വതന്ത്രനായി മത്സരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്നായിരുന്നു അന്‍വര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചത്. പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജാണ് പാലക്കാട് മത്സരിക്കുന്നത്. മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീര്‍ ചേലക്കരയില്‍ മത്സരിക്കുന്നു.

Content Highlights: PV Anvar s party supports Priyanka Gandhi in Wayanad

dot image
To advertise here,contact us
dot image