പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.
കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.
ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഉത്തരവില്‍ പറയുന്നത്. മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ, മറ്റു ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുക എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
അതേസമയം നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. പള്ളിക്കരയിലെ ക്വാട്ടേഴ്സിന്റെ മുന്നില്‍വെച്ച് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്.
ഇരുവരും റോഡില്‍ നിന്നും സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒക്ടോബര്‍ ആറാം തീയതിയിലെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്ത് ബാബു നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം പണം നല്‍കിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല.
Content Highlights: Revenue department ordered investigation in Naveen Babu Death