തിരുവനന്തപുരം: തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണി. ജോലിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഭീഷണിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. മരത്തിന് മുകളില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കുറച്ച് ദിവസമായി നഗരസഭ കാര്യാലയത്തിന് മുന്നില്‍ കുടില്‍കെട്ടി ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. ഇന്ന് രാവിലെ കാര്യാലയത്തിന് മുന്നിലെ മാവില്‍ കയറി രണ്ട് ജീവനക്കാര്‍ ഭീഷണി മുഴക്കുകയായിരുന്നു. പെട്രോള്‍ കുപ്പിയും കയറും കയ്യില്‍പിടിച്ചാണ് ഭീഷണി.
അമ്പതിലധികം തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നുണ്ട്. തൊഴിലില്‍ നിന്ന് പറഞ്ഞു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തകരുടെ വാഹനം പിടിച്ചെടുക്കുന്നു, വലിയ പിഴ ചുമത്തുന്നു, എഫ്‌ഐആര്‍ ചുമത്തി കേസെടുക്കുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. ഫയര്‍ഫോഴ്‌സും മ്യൂസിയം പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം സമരക്കാരെ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പൊലീസ് സമരക്കാരുമായി മന്ത്രിയുടെ വസതിയിലേക്ക് എത്തി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സമരക്കാര്‍ വസതിയില്‍ എത്തിയത്. വര്‍ഷങ്ങളായി സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവ മാലിന്യ ശേഖരം നടത്തുന്നവരാണ് പ്രതിഷേധിക്കുന്നവര്‍. ഇവരെ മാറ്റി നിര്‍ത്തി ഹരിത കര്‍മ സേനയെയും മറ്റ് ഏജന്‍സികളെയും ജൈവ മാലിന്യ ശുചീകരണ പ്രവര്‍ത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
'വളപ്പില്‍ ശാല മാലിന്യ പ്ലാന്റ് ഹൈക്കോടതി പൂട്ടിച്ചപ്പോള്‍ പൊതുസ്ഥലങ്ങള്‍ മാലിന്യ കൂമ്പാരമായി. പൊതുജനങ്ങള്‍ക്ക് തെരുവിലിറങ്ങി നടക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. അന്ന് മുതല്‍ ഞങ്ങള്‍ തൊഴിലാളികളാണ് ഈ മാലിന്യം മുഴുവന്‍ ശേഖരിച്ച് ഈ നഗരം മുഴുവന്‍ വൃത്തിയാക്കിയത്. അന്ന് മുതല്‍ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് അംഗീകൃത പന്നി ഫാമുകള്‍ക്കും ജൈവവള ഫാക്ടറികള്‍ക്കും നഗരസഭ നല്‍കുന്ന ഏജന്‍സികള്‍ക്കും കൈമാറും. 14 വര്‍ഷമായി മാലിന്യം ശേഖരിക്കുന്നു. തുച്ഛമായ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. നഗരസഭ പണം തരാറില്ല. ഹരിത കര്‍മ സേനയെ വെച്ച് ജൈവ വളം ശേഖരിക്കുന്നത് ഈ നഗരസഭയില്‍ മാത്രമാണ് നടക്കുന്നത്', തൊഴിലാളികള്‍ പറഞ്ഞു.
Content Highlights: Suicide threaten by cleaning workers in Thiruvananthapuram