തിരുവനന്തപുരം: പി പി ദിവ്യ വിഷയത്തിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകും. കേസ് ചാർജ് ചെയ്യാൻ പോകുന്നതല്ലേ ഉള്ളൂവെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പി പി ദിവ്യയുടെ കാര്യത്തിൽ പാർട്ടിക്ക് രണ്ട് സമീപനമില്ല. ഒരു സമീപനം മാത്രമേയുള്ളൂ. അൺ കണ്ടീഷണലായി പി പി ദിവ്യയുടെ പെരുമാറ്റത്തെ പാർട്ടി തള്ളിക്കളയുന്നു. ഡിവൈഎഫ്ഐ എന്തു പറഞ്ഞു എന്നൊന്നും അറിയില്ല. പാർട്ടിക്ക് വിഷയത്തിൽ ഒരു നിലപാടേയുള്ളൂ. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ പാടില്ല. പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്നവർ ഇങ്ങനെ പെരുമാറരുത്. അവ തിരുത്തപ്പെടേണ്ടതാണ്. ആരെ അറസ്റ്റ് ചെയ്യണം വേണ്ട എന്നുള്ളത് രാഷ്ട്രീയ തീരുമാനമല്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എടുക്കേണ്ട നടപടികൾ പോലീസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പരാതിക്കാരന്റെ ഒപ്പ് വ്യാജമാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. പെട്രോൾ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ ഒപ്പുകൾ തമ്മിൽ വ്യത്യാസമുണ്ട്. പരാതിയിൽ പ്രശാന്തനെന്നും കരാറിൽ പ്രശാന്തെന്നുമാണ് പേരുള്ളത്. നവീൻ ബാബുവിന്റെ ക്വാട്ടേഴ്‌സിൽ പ്രശാന്ത് എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പള്ളിക്കരയിലെ ക്വാട്ടേഴ്‌സിന്റെ മുന്നിൽവെച്ച് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്.
യാത്രയയപ്പ് ചടങ്ങിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച് ആരോപണങ്ങൾക്ക് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യചെയ്യുന്നത്. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് റവന്യൂവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങൾ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകൾ സമർപ്പിച്ചിട്ടുണ്ടോ, എൻഒസി നൽകിയതിൽ അഴിമതിയുണ്ടോ, മറ്റു ആരോപണങ്ങൾ ഉണ്ടെങ്കിൽ അതും പരിശോധിക്കുക എന്നീ കാര്യങ്ങൾ അന്വേഷിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
Content Highlight: