തൃശൂർ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഷോളയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. 2662.10 അടിയാണ് നിലവിലെ ജലനിരപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്തീരുമാനം. നാളെ (20/10/2024) രാവിലെ 6 നും വൈകീട്ട് 6 നും ഇടയിൽ ഷട്ടറുകൾ തുറന്നേക്കും. ഘട്ടം ഘട്ടമായി 100 ക്യുമെക്സ് ജലം പുറത്തുവിടാനാണ് നിലവിലെ തീരുമാനം.
ഷോളയാർ ഡാമിലെ റേഡിയൽ ഗേറ്റുകൾ തുറക്കുന്നതുമൂലം പൊരിങ്ങൾക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗവും ജില്ലാ കളക്ടറും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
Content Highlight: Warning issued as sholayar dam opens tomorrow