ചേലക്കര: തൃശൂര്‍ പൂരം കലക്കിയത് പോലെ ചേലക്കരയിലെയും പൂരം കലക്കിയെന്ന ആരോപണവുമായി ബിജെപി. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രിയും എംഎല്‍എയുമായ കെ രാധാകൃഷ്ണന്‍ പൂരം കലക്കാനുള്ള നിര്‍ദേശം പൊലീസിന് നല്‍കിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ചേലക്കര അന്തിമഹാകാളന്‍ കാവിലെ വെടിക്കെട്ട് നിര്‍ത്തിയത് ഇടതുപക്ഷത്തമാണെന്ന ആരോപണമാണ് അനീഷ് ഉയര്‍ത്തുന്നത്.
'തൃശൂര്‍ പൂരത്തിലെ തോല്‍വിയെക്കുറിച്ച് എല്‍ഡിഎഫും യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുന്നതിന് മുമ്പ് ചേലക്കരയിലെ തോല്‍വിയെക്കുറിച്ച് പഠിക്കേണ്ടി വരും. അതിനുള്ള തന്ത്രമാണ് ഞങ്ങള്‍ മെനയുന്നത്. ഇടതുപക്ഷം പൂരം കലക്കികളാണ്. രാധാകൃഷ്ണന്‍ പൂരം കലക്കാന്‍ വേണ്ടിയുള്ള എല്ലാ നിര്‍ദേശങ്ങളും പൊലീസിന് നല്‍കി. ഇവിടെ ചേലക്കര വെടിക്കെട്ട് നടക്കുന്ന സമയം ഫോണ്‍ ഓഫ് ചെയ്തു വെച്ച് പൂരം കലക്കി. ലക്ഷക്കണക്കിനാളുകള്‍ വെടിക്കെട്ട് കാണാന്‍ നില്‍ക്കുമ്പോഴാണ് പൊലീസിനെ ഉപയോഗിച്ച് സിപിഐഎമ്മും രാധാകൃഷ്ണനും വെടിക്കെട്ട് നിര്‍ത്തിയത്', അദ്ദഹം ആരോപിച്ചു.
രാധാകൃഷ്ണന്‍ അന്ന് മന്ത്രിയാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നെങ്കില്‍ വെടിക്കെട്ട് നടക്കുമായിരുന്നെന്നും അനീഷ് പറഞ്ഞു. ജനങ്ങള്‍ ബന്ധപ്പെട്ടു കഴിഞ്ഞാല്‍ ഇടപെടേണ്ടി വരുമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഫോണ്‍ ഓഫ് ചെയ്ത് വെച്ചുവെന്നും അനീഷ് ആരോപിക്കുന്നു.
തൃശൂരിലെ വിജയം ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മണ്ഡലം എങ്ങനെ പിടിക്കാമെന്ന് തൃശൂര്‍ പഠിപ്പിച്ചെന്നും തൃശൂര്‍ മോഡല്‍ ചേലക്കരയിലും ആവര്‍ത്തിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് -സി കൃഷ്ണകുമാര്‍, ചേലക്കര- കെ ബാലകൃഷ്ണന്‍, വയനാട് -നവ്യ ഹരിദാസ് എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍.
മണ്ഡലം രൂപപ്പെട്ടിട്ട് 60 വര്‍ഷം തികയാനിരിക്കെ നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനാണ് ഇക്കുറി ചേലക്കര തയ്യാറെടുക്കുന്നത്. ബിജെപിയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് കെ ബാലകൃഷ്ണന്‍. തിരുവില്വാമല മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ചേലക്കരയില്‍ യു ആര്‍ പ്രദീപ് ആണ് സിപിഐഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസാണ് എതിര്‍സ്ഥാനത്ത്.
Content Highlights: BJP accused LDF mixed up Chelakkara pooram like Thrissur pooram