കണ്ണൂർ: കോൺഗ്രസ്- ബിജെപി ഡീൽ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻ്റെ ഉള്ളുകള്ളികൾ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിനെ കുറിച്ച് പറയുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എങ്ങനെയാണ് ബിജെപിയുമായി ഡീൽ ഉറപ്പിച്ചതെന്ന് പുറത്തു വന്നല്ലോ ഞങ്ങളിത് നേരത്തെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ പി സരിന്റെ ആരോപണം ഏറ്റുപിടിച്ചാണ് കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം. തലശ്ശേരിയിൽ സിഎച്ച് കണാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാർ ആർഎസ്എസിന് വിട്ടുവീഴ്ച ചെയ്യുന്നുവെന്ന പ്രചാരണമായിരുന്നു അവർ നടത്തിയിരുന്നത്. വർഗീയതക്കെതിരെ ഇടതുപക്ഷത്തിന്റെ നിലപാട് അന്നും ഇന്നും ഒന്നു തന്നെയാണ്. കോൺഗ്രസിലെ കുറച്ചുപേർ അങ്ങോട്ട് പോകാൻ കച്ചകെട്ടിയിരിക്കുന്നു.ചിലർ ഗോൾവാൾക്കറെ വണങ്ങുന്ന ചിത്രം കണ്ടില്ലേ. ശാഖ സംരക്ഷിക്കാൻ ആളെ വിട്ടെന്ന് പറഞ്ഞ പ്രസിഡന്റുള്ള നാടല്ലേ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.
'സിപിഐഎം, ആർഎസ്എസ് പ്രീണനം നടത്തുന്നു എന്നാണ് പ്രചരണം. സർക്കാർ അവർക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ ഉള്ളുകളികൾ എല്ലാം പുറത്ത് വരുകയാണല്ലോ. കോൺഗ്രസിന്റെ കൂടെ എത്ര പേര് അങ്ങോട്ട് പോകാനിരിക്കുന്നു. എന്താണ് ഓഫർ എന്നും വ്യക്തമായല്ലോ. നിങ്ങളുടെ രഹസ്യം അറിയാവുന്ന ചിലർ പുറത്തു പറഞ്ഞിരിക്കുന്നു. എങ്ങനെയാണ് ബിജെപിയുമായി ഡീൽ ഉറപ്പിച്ചതെന്ന് പുറത്തു വന്നല്ലോ. ഞങ്ങൾ അത് നേരത്തെ പറഞ്ഞില്ലേ. ആ നയമൊന്നും കേരളം അംഗീകരിക്കില്ല. ഞങ്ങൾക്ക് ഒന്നും മറച്ചു വെക്കാനില്ലെന്നും', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വർഗീയ ശക്തികളും സംസ്ഥാന സർക്കാരിനെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുവശത്ത് ആർഎസ്എസും ബിജെപിയും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയുമാണ്. ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുന്നത് ശക്തമായ വർഗീയതയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഒക്കച്ചങ്ങായി എസ്ഡിപിഐ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവറിതിരെ പരോക്ഷ പരിഹാസവും മുഖ്യമന്ത്രി നടത്തി. പല മോഹങ്ങളുമായാണല്ലോ നടപ്പെന്നും ചിലര് വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാമെന്നാണ് കരുതുന്നതെന്നും ഇതൊക്കെ ഞങ്ങൾ ഒരുപാട് കണ്ടതല്ലേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: CM Pinarayi Vijayan Says Congress-BJP Deal is out