കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവ് വി പി അജിത്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തെറ്റായ സൈബര്‍ പ്രചരണം നടത്തുന്നുവെന്നാരോപിച്ചാണ് കണ്ണപുരം സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ, വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നും തെറ്റായ വിധത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുമാണ് അജിത്തിന്റെ പരാതി.
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് എഡിഎം നവീന്‍ ബാബുവിനെ പല തവണ കണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജാമ്യഹര്‍ജിയില്‍ പരാമര്‍ശിച്ച ഗംഗാധരന്‍ പറഞ്ഞിരുന്നു. ഒരുപാട് വട്ടം നവീനെ കണ്ടിട്ടും പ്രശ്ന പരിഹാരം നടന്നില്ലെന്നും തുടര്‍ന്നാണ് നവീനെതിരെ പരാതി നല്‍കിയതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
നവീനെതിരെ വിജിലന്‍സിലും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. നവീനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാട്ടൂരിലെ ഗംഗാധരന്‍ എന്ന റിട്ടയേര്‍ഡ് ഹയര്‍ സെക്കണ്ടറി ടീച്ചര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ദിവ്യയുടെ പരാമര്‍ശം. ദിവ്യ പറഞ്ഞത് സത്യമാണെന്ന് ഗംഗാധരന്‍ പറഞ്ഞു. എന്നാല്‍ നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടില്ലെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും ഗംഗാധരന്‍ വ്യക്തമാക്കി. നവീനെതിരെയുള്ള പരാതി നേരത്തെ തന്നെ കണ്ണൂരിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കൈക്കൂലി നല്‍കിയിട്ടില്ലെങ്കില്‍ വിജിലന്‍സില്‍ പരാതി നല്‍കിയതെന്തിനാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. മാത്രവുമല്ല, ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ഗംഗാധരന്‍ മറുപടി നല്‍കിയത്. നവീന്‍ ബാബു കൃത്യവിലോപം നടത്തിയെന്നും ഗംഗാധരന്‍ ആരോപിച്ചു. ഇവിടെ നടന്ന കൃത്യവിലോപമെന്താണെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കയര്‍ക്കുകയായിരുന്നു ഗംഗാധരന്‍. ഫെബ്രുവരിയില്‍ നവീന്‍ ബാബു വന്നയുടനേ എങ്ങനെയാണ് ഗൂഡാലോചന നടത്തുകയെന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. ഒടുവില്‍ റിപ്പോര്‍ട്ടറിനോട് മറുപടി നല്‍കില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി പകുതിയില്‍ വെച്ച് പ്രതികരണം നിര്‍ത്തുകയായിരുന്നു.
ഗംഗാധരന്റെ റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണം
'ഒരു പ്രശ്നത്തില്‍ പരാതി പറയാന്‍ വേണ്ടി നിരവധി തവണ നവീന്‍ ബാബുവിനെ കണ്ടിട്ടുണ്ട്. ഞാന്‍ വീടിനോട് ചേര്‍ന്ന് ഒരു 85 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അതില്‍ അസൂയാലുക്കളായ നാട്ടുകാര്‍ എനിക്കെതിരെ നിവേദനം നല്‍കി. അനധികൃതമായി മതില്‍ കെട്ടി, വഴി തടഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഫെബ്രുവരി ഒമ്പതിനാണ് പരാതി നടക്കുന്നത്. ആ സമയത്ത് മണ്ണിടാന്‍ വേണ്ടി തയ്യാറെടുക്കുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ അയച്ചു. അതോടെ മണ്ണിടാന്‍ സാധിച്ചില്ല.
അടുത്ത വര്‍ക്കിങ് ഡേയായ ഫെബ്രുവരി 12ന് എഡിഎമ്മിനെ കണ്ടു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് തെളിവുകളും രേഖകളും ഹാജരാക്കി. അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തി. എന്നാല്‍ ഹൈ പ്രൊഫൈലുള്ള റിട്ടയേര്‍ഡ് മജിസ്ട്രേറ്റ്, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ആളുകള്‍ വന്നാല്‍ ഞാന്‍ എന്തിന് സംശയിക്കണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഉടന്‍ സ്റ്റോപ്പ് മെമ്മോ കാന്‍സല്‍ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു.
ഈ തെളിവ് വെച്ച് അദ്ദേഹത്തിന് വില്ലേജ് ഓഫീസറെ വിളിക്കാവുന്നതാണ്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടട്ടെ, അപ്പോള്‍ നടപടിയെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് വന്നു. നാട്ടുകാര്‍ ആരോപിക്കുന്നത് പോലെയുള്ള ഒരു നടപടിയും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് ഇതുവരെ കളക്ടറേറ്റിലെത്തിയില്ല. എനിക്ക് അനുകൂലമായ റിപ്പോര്‍ട്ട് കളക്ടറേറ്റിലെത്തിയില്ല. മണ്ണിടുന്നതിന് തടസമില്ലെന്നും നാട്ടുകാരുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവീന്‍ കുമാര്‍ സാറിന്റെയടുത്ത് റിപ്പോര്‍ട്ടിന്റെ കോപ്പി കൊടുത്തു. പക്ഷേ ഗൂഡാലോചനയുമായി ഭാഗമായി ഇഷ്യു ചെയ്തത് പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായില്ല. എന്നെ വല്ലാതെ കഷ്ടപ്പെടുത്തി. മിനിമം അഞ്ചോ ആറോ തവണ അദ്ദേഹത്തെ സമീപിച്ചു. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. ഏറ്റവും ഒടുവില്‍ ഓഗസ്റ്റ് അവസാനമാണ് പോയത്. അന്ന് പറഞ്ഞത് ഹൃദയഭേദകമാണ്. മരിച്ച വ്യക്തിയെ പറയുന്നതല്ല.
എന്റെ അധികാരപരിധിയില്‍ അല്ല, ഡെപ്യൂട്ടി കളക്ടറെ സമീപിക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ നവീന്‍ ബാബുവിനോട് സാര്‍ പറഞ്ഞിട്ടല്ലേ സ്റ്റോപ്പ് മെമ്മോ തന്നത്, അപ്പോള്‍ സാറല്ലേ അത് പിന്‍വലിക്കേണ്ടതെന്ന് ഞാന്‍ ചോദിച്ചു. നവീന്‍ ബാബു വിളിച്ച് പറഞ്ഞിട്ടാണ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ ഇഷ്യു ചെയ്തതെന്ന് വില്ലേജ് ഓഫീസര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അത് വാക്കാല്‍ പറഞ്ഞതാണ്. തെളിവില്ല.
തുടര്‍ന്നാണ് നവീനെതിരെ വിജിലന്‍സ്, മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയില്‍ പരാതി നല്‍കിയത്. ഇദ്ദേഹം മരിക്കുന്നതിന് മുമ്പേ പരാതി നല്‍കി. രാജ്യം മുഴുവന്‍ അദ്ദേഹത്തെ ഗ്ലോറിഫൈ ചെയ്യുമ്പോള്‍, പുണ്യാളനാക്കുമ്പോള്‍ എന്റെയുള്ളില്‍ നല്ല സങ്കടമുണ്ട്. അദ്ദേഹം എന്നോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല. എന്നോട് ക്രൂരത ചെയ്തു. അദ്ദേഹത്തോട് ബഹുമാനമുണ്ട്. കുടുംബത്തോട് സ്നേഹവും ആദരവും സങ്കടവുമുണ്ട്.
ദിവ്യയുമായോ പെട്രോള്‍ പമ്പുമായോ എനിക്ക് ബന്ധമില്ല. ദിവ്യയെ പിന്തുണയ്ക്കുന്നുമില്ല, എതിര്‍ക്കുന്നുമില്ല. ഞാനൊരു ഇടതുപക്ഷ ആശയക്കാരനാണ്. ദിവ്യയെ നേരിട്ട് അറിയാം. നവീന്‍ ബാബുവിനെതിരെ നല്‍കിയ പരാതികള്‍ എല്ലാ പത്ര ഓഫീസുകളിലും കണ്ണൂരിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇക്കാര്യം ദിവ്യയോടും സംസാരിച്ചിട്ടുമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാട്ടൂരിലെ ഗംഗാധരന്‍ എന്ന റിട്ടയേര്‍ഡ് ഹയര്‍ സെക്കണ്ടറി ടീച്ചര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നത്. അത് നൂറു ശതമാനം ശരിയാണ്.
അദ്ദേഹത്തിനെതിരെ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. ദിവ്യ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഞാന്‍ പണം വാങ്ങിയെന്ന് പറഞ്ഞില്ല. അദ്ദേഹം അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ട്. കൃത്യവിലോപം നടത്തി. സ്വാധീനം ചെലുത്തി. നവീന്‍ ബാബുവിന് ഞാന്‍ നിഷ്‌കളങ്കനാണെന്നും അറിയാം.'