ചേലക്കര: ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടപ്പാക്കുമെന്ന ബിജെപി പ്രസ്താവനയില്‍ മറുപടിയുമായി കെ രാധാകൃഷ്ണന്‍ എംപി. ബിജെപിയുടെ പ്ലാന്‍ നടക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു കെ രാധാകൃഷ്ണന്റെ മറുപടി. ബിജെപി ചര്‍ച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണ്. ബിജെപിയുടേത് പ്രചാരവേലകളാണെന്നും എംപി റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.
'ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ബിജെപി അവഗണിക്കുകയാണ്. കേരളത്തിന്റെ മുന്നേറ്റത്തെ അവഗണിക്കുന്നു. ചെറിയ വിഷയങ്ങളെ പര്‍വതീകരിക്കാനാണ് ശ്രമം. ജനം കാര്യങ്ങളെ കൃത്യമായി വിലയിരുത്തും', കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയും ജനം വിലയിരുത്തും. ചേലക്കരയില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകും. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഉപതിരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് കാണുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണെന്നും രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
തൃശൂര്‍ മോഡല്‍ ചേലക്കരയിലും ആവര്‍ത്തിക്കുമെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ പ്രതികരണം. തൃശൂരിലെ വിജയം ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഒരു മണ്ഡലം എങ്ങനെ പിടിക്കാമെന്ന് തൃശൂര്‍ പഠിപ്പിച്ചുവെന്നും അനീഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. തൃശൂര്‍ പൂരം കലക്കിയത് പോലെ ചേലക്കരയിലെയും പൂരം കലക്കിയെന്നും കെ രാധാകൃഷ്ണന്‍ പൂരം കലക്കാനുള്ള നിര്‍ദേശം പൊലീസിന് നല്‍കിയെന്നും അനീഷ് കുമാര്‍ ആരോപിച്ചിരുന്നു.
Content Highlights: K Radhakrishnan's Reply To BJP