പാലക്കാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ക്രോസ് വോട്ട് നടത്തിയെന്ന പരാമര്‍ശം തിരുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍. എല്‍ഡിഎഫിന്റെ വോട്ടുകള്‍ മുന്‍ എംഎല്‍എ ഷാഫി പറമ്പിലിന് ലഭിച്ചിട്ടില്ലെന്ന് സരിന്‍ പറഞ്ഞു. എല്‍ഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ലഭിക്കാന്‍ കാരണം ഷാഫിയുടെ കുബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിയെ ചൂണ്ടിക്കാട്ടി പേടിപ്പിച്ച് വഞ്ചിച്ചാണ് ഷാഫി വോട്ട് നേടിയത്. മതേതര ചേരിയെ വഞ്ചിച്ച് പാലക്കാട് ബിജെപിക്ക് ജയിക്കാന്‍ ഷാഫി അവസരം ഒരുക്കി. രാഷ്ട്രീയ നാടകം കളിച്ചാണ് ഷാഫി വോട്ട് പിടിച്ചത്. മതേതര വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കും. ഷാഫിയുടെ കുബുദ്ധി ഇത്തവണ പൊളിക്കും. അത് പാലക്കാട് ജനത തിരിച്ചറിയും. ഷാഫി നെറികെട്ട രാഷ്ട്രീയ നേതാവ് ആയി മാറി', സരിന്‍ പറഞ്ഞു.
2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്‌തെന്നായിരുന്നു സരിന്‍ നേരത്തെ പറഞ്ഞത്. 'ആ ഇടതുപക്ഷത്തെ ഷാഫി വഞ്ചിച്ചു. നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്കനുകൂലമായി ചെയ്ത വോട്ടാണ്. 2021ല്‍ ജനാധിപത്യ കേരളത്തിന് വേണ്ടിയാണ് ഇടതുപക്ഷം വോട്ട് മറിച്ചത്.
ജനകീയ മുഖങ്ങളെ ഷാഫി നഗരസഭ തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റുകയാണ്. ബിജെപിയുമായുള്ള ഡീലാണ് ഇതിന് പിന്നില്‍. ഇതിന്റെ പേരില്‍ പലരും പാര്‍ട്ടി വിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സഹാനുഭൂതി ഇല്ലായിരുന്നെങ്കില്‍ ഷാഫി എന്നേ തോറ്റു പോകുമായിരുന്നു', എന്നായിരുന്നു സരിന്‍ പറഞ്ഞത്.
Content Highlights: P Sarin explanation on Cross Voting in Palakkad