ഇരു മുന്നണിയിലെയും വോട്ട് ചോരും; മോദിയെ പിന്തുണയ്ക്കുന്ന ഒരാള്‍ നിയമസഭയിലെത്തണമെന്ന് സി കൃഷ്ണകുമാര്‍

ഇടത് മുന്നണിയിലെ കോണ്‍ഗ്രസിലെ ഇരു സ്ഥാനാര്‍ഥികള്‍ക്കുമെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന് സി കൃഷ്ണകുമാര്‍

dot image

പാലക്കാട്: ഇടത് മുന്നണിയിലെയും കോണ്‍ഗ്രസിലെയും വോട്ട് ചോരുമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്ക് വലിയ വേരോട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് നിന്ന് ഇത്തവണ ബിജെപി എംഎല്‍എ സഭയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

'ഇടത് മുന്നണിയിലെ വോട്ടും കോണ്‍ഗ്രസിലെ വോട്ടും ചോരും. ഇരു സ്ഥാനാര്‍ഥികളും സര്‍വ സമ്മതരല്ല. പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ട്. സിപിഐഎം-യുഡിഎഫ് വോട്ട് ധാരണ മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത് വ്യക്തമാണ്. ഇത്തവണ ആ ഡീല്‍ ഇവിടെ നടക്കില്ല. ആ ഡീലിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ എതിര്‍ക്കും. നേരത്തെയുണ്ടായിരുന്ന യുഡിഎഫ്-എല്‍ഡിഎഫ് ഡീലിന് സാധ്യതയേ ഇല്ല', അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ പേരില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും റോഡ് നവീകരണം നടത്തുന്നതിന്റെ ഉത്തരവാദിത്തം പലതും ബിജെപിക്ക് മേല്‍ കെട്ടിവെക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തില്‍ നിന്ന് ദുരിതാശ്വാസ ഫണ്ട് അനുവദിച്ചില്ല എന്നത് തെറ്റായ പ്രചരണമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ലഭിച്ച ഫണ്ട് ഉപയോഗിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ഫണ്ട് അനുവദിക്കും. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ഫണ്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം വ്യക്തിപരമായ വോട്ടുകളും ലഭിക്കുമെന്നും കൃഷ്ണകുമാര്‍ പറയുന്നു. പാലക്കാട്ടെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ വരവ് വലിയ തിരിച്ചടിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'പ്രിയങ്കയ്ക്കും രാഹുലിനും വയനാട് കേവലം വോട്ട് ബാങ്ക് മാത്രമാണ്. പാലക്കാടിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തു. അതും ഒരു ജനപ്രതിനിധി പോലും ഇല്ലാത്ത ഘട്ടത്തിലാണ് ചെയ്തത്', കൃഷ്ണകുമാര്‍ പറഞ്ഞു.

ശോഭാസുരേന്ദ്രനുമായി നിലവില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 'സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണ്. ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും ഉള്‍പ്പെടുന്ന പട്ടികയാണ് കേന്ദ്രത്തിലേക്ക് അയച്ചത്. സ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ പിന്നെ ഞങ്ങള്‍ ഒറ്റക്കെട്ടാണ്. എല്ലാവരും പ്രചാരണത്തിന് ഇറങ്ങും. മോദിയെ പിന്തുണയക്കുന്ന ഒരാള്‍ നിയസഭയിലെത്തണം. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. അതൊന്നും വ്യക്തിപരമായി കാണാന്‍ കഴിയുന്നതല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ചെറിയ പാകപ്പിഴകള്‍ ഇത്തവണ പരിഹരിച്ച് മുന്നേറും', സി കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Content Highlights: Palakkad BJP candidate C Krishnakumar in Close Encounter

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us