'പൂരം കലക്കുന്നത് ആചാരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണോയെന്ന് സംശയം'; ചേലക്കരയിൽ തൃശൂർ പ്ലാൻ നടക്കില്ലെന്ന് രമ്യ

ജനങ്ങള്‍ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രമ്യ ഹരിദാസ്

dot image

ചേലക്കര: പൂരം കലക്കുന്നതിലൂടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പൂരം അലങ്കോലമാക്കാന്‍ പൂരം ജീവിത ഭാഗമാക്കിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും രമ്യ ഹരിദാസ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ചേലക്കരയിലെ അന്തിമഹാകാളന്‍ കാവിലെയും വായാലിക്കാവിലെയും വെടിക്കെട്ട് നടക്കാത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രമ്യ.

'പൂരം അലങ്കോലമാക്കുന്നത് പൂരം ജീവിത ഭാഗമാക്കിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോള്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണ്. ചേലക്കരയിലെ അന്തിമഹാകാളന്‍ പൂരത്തിനും വായാലിക്കാവ് പൂരത്തിനും രണ്ട് വര്‍ഷമായി വെടിക്കെട്ട് നടക്കുന്നില്ല. വായാലിക്കാവില്‍ അനുമതി ലഭിച്ചിട്ടും വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ല. ഈ അനുഷ്ഠാനങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഏതോ ഭാഗത്ത് നിന്നുണ്ടോയെന്നത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കും. ചിലയിടങ്ങളില്‍ മാത്രം ഇവ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ജനങ്ങള്‍ക്ക് ദുരൂഹതയുണ്ട്', രമ്യ പറഞ്ഞു.

വരാന്‍ പോകുന്ന നാളുകളില്‍ സര്‍ക്കാര്‍ യുഡിഎഫിന്റെ കയ്യിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ലെന്നും ജനങ്ങള്‍ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തൃശൂര്‍ പൂരം കലക്കിയത് പോലെ ചേലക്കരയിലെയും പൂരം കലക്കിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രിയും എംഎല്‍എയുമായ കെ രാധാകൃഷ്ണന്‍ പൂരം കലക്കാനുള്ള നിര്‍ദേശം പൊലീസിന് നല്‍കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞിരുന്നു.

'തൃശൂര്‍ പൂരത്തിലെ തോല്‍വിയെക്കുറിച്ച് എല്‍ഡിഎഫും യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുന്നതിന് മുമ്പ് ചേലക്കരയിലെ തോല്‍വിയെക്കുറിച്ച് പഠിക്കേണ്ടി വരും. അതിനുള്ള തന്ത്രമാണ് ഞങ്ങള്‍ മെനയുന്നത്. ഇടതുപക്ഷം പൂരം കലക്കികളാണ്. രാധാകൃഷ്ണന്‍ പൂരം കലക്കാന്‍ വേണ്ടിയുള്ള എല്ലാ നിര്‍ദേശങ്ങളും പൊലീസിന് നല്‍കി. ഇവിടെ ചേലക്കര വെടിക്കെട്ട് നടക്കുന്ന സമയം ഫോണ്‍ ഓഫ് ചെയ്തു വെച്ച് പൂരം കലക്കി. ലക്ഷക്കണക്കിനാളുകള്‍ വെടിക്കെട്ട് കാണാന്‍ നില്‍ക്കുമ്പോഴാണ് പൊലീസിനെ ഉപയോഗിച്ച് സിപിഐഎമ്മും രാധാകൃഷ്ണനും വെടിക്കെട്ട് നിര്‍ത്തിയത്', അദ്ദഹം പറഞ്ഞു.

Content Highlights: Ramya Haridas replied about Chelakkara Pooram raw

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us