അലൻ വാക്കറിനൊപ്പം ഒരേ വിമാനത്തിൽ യാത്ര, പിന്നെ പോക്കറ്റടി; ഫോൺ മോഷണക്കേസ് പ്രതികളെ കൊച്ചിയിലെത്തിച്ചു

പ്രതികളിലൊരാളെ കണ്ടെത്തിയത് കട്ടിലിന്റെ അടിയിലെ അറയിൽ നിന്ന്

dot image

കൊച്ചി; അലൻ വാക്കറുടെ പരിപാടിയിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതികൾ മോഷണം നടത്താനെത്തിയത് അലൻ വാക്കർ സഞ്ചരിച്ച അതേ വിമാനത്തിൽ. അലൻ വാക്കർ പുറത്തിറങ്ങുന്നത് വരെ കാത്തിരുന്ന പ്രതികൾ സെൽഫിയുമെടുത്ത ശേഷമായിരുന്നു പോക്കറ്റടി തുടങ്ങിയത്. പ്രതികളുടെ മൊബൈൽ ഫോണിൽ വിമാനത്തിനകത്തേയും വിമാനത്താവളത്തിലെയും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

പരിപാടി നടക്കുന്ന ദിവസം ഉച്ചയോടെയാണ് പ്രതികൾ കൊച്ചിയിലെത്തിയത്. ഹോട്ടലിൽ പോയി വിശ്രമിച്ച് രാത്രിയോടെ പരിപാടി നടക്കുന്ന ബോൾ​ഗാട്ടി പാലസിലെത്തി. 2000 രൂപ വിലവരുന്ന ടിക്കറ്റ് വാങ്ങിയായിരുന്നു സംഘം പരിപാടിയ്ക്കെത്തിയത്. പാട്ടിന്റെ ആവേശത്തിൽ ജനക്കൂട്ടം ആഹ്ലാദത്തിമിർപ്പിലായതോടെ പ്രതികൾ മോഷണം ആരംഭിച്ചു. 21 ഐഫോണുകളടക്കം 36 ഫോണുകളാണ് പ്രതികൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ ഹോട്ടൽ മുറിയിലെത്തിയ പ്രതികൾ പിറ്റേദിവസം തന്നെ മുംബൈയിലേക്ക് മടങ്ങി.

ഫോണുകൾ നഷ്ടപ്പെട്ടെന്ന് കാട്ടി നിരവധി പരാതികൾ ലഭിച്ചതോടെയാണ് കൂട്ടകവർച്ച നടന്നതായി പൊലീസ് തിരിച്ചറിയുന്നത്. പിന്നാലെ നഷ്ടപ്പെട്ട ഫോണുകളുടെ ഐഡി ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നാല് പേരാണ് പൊലീസിന്റെ പിടിയിലായത്.

ഇതിൽ ഭോല യാദവ്, ശ്യാം ബരൻവാൾ എന്നിവരെ അന്വേഷണത്തിനായി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ശ്യാം ബരൻവാലളിനെ കട്ടിലിന് അടിയിലെ അറയിൽ നിന്നാണ് കണ്ടെത്തിയത്. മുംബൈയിലെത്തിയ സിറ്റി പൊലീസ് മുംബൈ പൊലീസിനൊപ്പമാണ് പ്രതികളെ പിടികൂടാനെത്തിയത്. ഭോല യാദവിന്റെ വീട്ടിലായിരുന്നു പൊലീസ് ആദ്യമെത്തിയത്. അകത്തുനിന്നും പൂട്ടിയ വാതിൽ തുറക്കാൻ പ്രതികൾ തയ്യാറാകാതിരുന്നതോടെ ഇവർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.

ഫോണ്‍ പാർട്സ് ആക്കി വിൽപന നടത്താനായിരുന്നു സംഘത്തിന്റെ നീക്കം. കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്നും ഡാറ്റ ചോർത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlight: Accused in phone theft travelled in same flight with Alan Walker

dot image
To advertise here,contact us
dot image