ഓർത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തർക്കം; ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി

ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് കോടതിയലക്ഷ്യ നടപടി

dot image

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് കോടതിയലക്ഷ്യ നടപടി. ചീഫ് സെക്രട്ടറിയും എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാരും നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. നവംബര്‍ എട്ടിന് രാവിലെ പത്തേകാലിന് ഹൈക്കോടതിയില്‍ ഹാജരാകാനാണ് ഇടക്കാല ഉത്തരവ്. ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും നേരിട്ട് ഹാജരാകണം.

ആറ് പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ ഈ പള്ളികള്‍ യാക്കോബായ സഭയ്ക്ക് കീഴിലാണ്. പിന്നാലെ എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഈ പള്ളികള്‍ ഏറ്റെടുക്കണമെന്നും, പള്ളികള്‍ പൂട്ടി മുദ്ര വെച്ച് താക്കോല്‍ സര്‍ക്കാര്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

പക്ഷേ ആഴ്ചകള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ നിരവധി തവണ പള്ളികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനച്ചിരുന്നു. എന്നാല്‍ ഇതില്‍ യാക്കോബായ സഭ വലിയ രീതിയില്‍ പ്രതിഷേധിച്ചു. ബല പ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റുക പ്രയാസമാണെന്ന് സർക്കാര്‍ വാദിച്ചെങ്കിലും ഹൈക്കോടതി അത് നിരാകരിക്കുകയായിരുന്നു. യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടിയെടുത്തത്.

Content Highlights: The Orthodox Jacobean Church Controversy Contempt of court action against Chief Secretary and District Collectors

dot image
To advertise here,contact us
dot image