തിരുവനന്തപുരം: പുറത്താക്കിയ യൂത്ത് കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോൺഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു സദ്ദാം ഹുസൈൻ.
പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ നേതാക്കളെ അറിയിക്കുകയായിരുന്നു. അല്ലാത്തപക്ഷം കൂട്ടമായി രാജിവെക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് പ്രവർത്തകരുമായി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടന്ന യോഗത്തിലാണ് സദ്ദാമിനെ തിരിച്ചെടുക്കാൻ തീരുമാനമായത്.
പി സരിനും എ കെ ഷാനിബിനും മുമ്പേ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച വ്യക്തിയാണ് സദ്ദാം. ഷാഫി പറമ്പിൽ എംഎൽഎയായിരുന്ന കാലത്ത് പാലക്കാട് പത്രസമ്മേളനം വിളിച്ച സദ്ദാം, ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്.
ഷാഫി പറമ്പിലിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഷാഫിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പരിശോധിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2023 ജൂൺ 28നായിരുന്നു സദ്ദാം ഹുസൈനെ കോൺഗ്രസ് പുറത്താക്കുന്നത്.
Content Highlight: Congress takes back expelled youth congress I leader