പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ ഇനി വരത്തനെന്ന് പറയേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് താന്‍ വീടെടുത്തിട്ടുണ്ട്. മരണം വരെ തന്റെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാണ്ടി ഉമ്മനെ കുറിച്ച് എന്തെല്ലാം പറഞ്ഞു. ചാണ്ടി ഉമ്മന്‍ ഇതാ വേദിയുടെ മുന്നില്‍ ഇരിക്കുന്നു. മാധ്യമങ്ങള്‍ വിവാദം ഉണ്ടാക്കിയാല്‍ പിന്നാലെ പോകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിന് പ്രതികൂല സാഹചര്യമായിരുന്നു. മതേതരത്വത്തിന് ആധികാരിക വിജയം ഉണ്ടാകണം. തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമുണ്ട്. സിപിഐഎം-ബിജെപി നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നാലും വിജയം യുഡിഎഫിനുണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ ഈ ആവശ്യം. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിവാശി കാണിക്കരുത്. തിരഞ്ഞെടുപ്പ് മാറ്റാന്‍ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതില്‍ തടസ്സമില്ല. തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് ഷാഫി പറമ്പില്‍ എം പിയും ആവശ്യപ്പെട്ടിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 13നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാടിനെ സംബന്ധിച്ചിടത്തോളം നവംബര്‍ പതിമൂന്നിന് വോട്ടോടുപ്പ് നടക്കുന്നത് അനുയോജ്യമായിരിക്കില്ലെന്നും ഷാഫി പറമ്പില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് തീയതി നീട്ടണം എന്നല്ല ആവശ്യപ്പെടുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നേരത്തേ ആക്കുന്നതായിരിക്കും ഉചിതം. കല്‍പാത്തി രഥോത്സവം നടക്കുന്ന നവംബര്‍ 13, 14, 15 ദിവങ്ങളില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തും. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് കല്‍പാത്തി. മാത്രവുമല്ല അവിടങ്ങളില്‍ നിരവധി പോളിങ് ബൂത്തുകളുമുണ്ട്. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സംസാരിച്ചിട്ടുണ്ട്. കളക്ടറെ കാര്യങ്ങള്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Story Highlights: Has taken house and will have Palakkad address till death; Rahul Mankoottathil