കോഴിക്കോട്: കേരളത്തിലെ ഒന്നാമത്തെ ബഷീര്‍ മ്യൂസിയം & റീഡിംഗ് റൂം ''മതിലുകള്‍'' ഒക്ടോബര്‍ 23-ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദയാപുരം വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യും. ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഉപദേശകരില്‍ ഒരാളായ ബഷീറിന്റെ കയ്യെഴുത്ത് പ്രതികള്‍, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിന്റെ രേഖകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുള്ള മ്യൂസിയം എഴുത്തുകാരന്റെ രാഷ്ട്രീയ പ്രവര്‍ത്തനം (1925 - 1940 കള്‍), സാംസ്‌കാരിക മേഖലയിലെ എഴുത്ത് (1940-1960കള്‍), ആത്മീയ ധാര്‍മികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു.
ഡോ. എംഎം ബഷീറിന്റെ ശേഖരത്തിലുള്ള ബഷീര്‍ കയ്യെഴുത്ത് പ്രതികളില്‍ 1936-ല്‍ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ 'ബാല്യകാലസഖി'യുടെ ഇംഗ്ലീഷ് പേജുകള്‍, ''ഭാര്‍ഗവീ നിലയ''ത്തിന്റെ തിരക്കഥ, പിന്നീട് 'അനുരാഗത്തിന്റെ ദിനങ്ങള്‍' 'കാമുകന്റെ ഡയറി', 'ഭൂമിയുടെ അവകാശികള്‍', 'മുച്ചീട്ടുകളിക്കാരന്റെ മകളുടെ' പൂര്‍ത്തിയാകാത്ത നാടകം, അപ്രകാശിത കഥകള്‍, ഡോ. സുകുമാര്‍ അഴീക്കോടിനടക്കം എഴുതിയ കത്തുകള്‍ എന്നിവയാണുള്ളത്.
2022 ജൂണില്‍ ഈ മ്യൂസിയത്തിന്റെ അനൌണ്‍സ്‌മെന്റ് ബ്രോഷര്‍ പ്രകാശനം ചെയ്തത് എംടി വാസുദേവന്‍ നായരായിരുന്നു. സാഹിത്യ നഗരിയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ അവസരത്തില്‍ ഇങ്ങനെയൊരു സാഹിത്യമ്യൂസിയം നാടിനു സമര്‍പ്പിക്കാനാവുന്നതും സാധാരണ സര്‍ക്കാറോ വന്‍ കോര്‍പ്പറേറ്റുകളോ ഏറ്റെടുക്കുന്ന മ്യൂസിയം പോലുള്ള പദ്ധതിയില്‍ ഇതൊന്നുമല്ലാത്ത ദയാപുരത്തിനു പങ്കുചേരാനായതും സന്തോഷകരമാണെന്ന് ദയാപുരം പേട്രണ്‍ സിടി അബ്ദുറഹീം പറഞ്ഞു.
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് അധ്യാപകനായ എന്‍പി ആഷ്‌ലിയാണ് മ്യൂസിയം ക്യൂറേറ്റര്‍. ബാംഗ്ലൂര്‍ ലിറ്റില്‍ റിവര്‍ ആര്‍കിടെക്‌സിലെ സീജോ സിറിയക്കാണ് ആര്‍ക്കിടെക്റ്റ്. ചിത്രകാരനായ കെഎല്‍ ലിയോണ്‍ കലാപരമായ മേല്‍നോട്ടം നല്‍കി ദയാപുരത്തെ ഒഎന്‍വി പാര്‍ക്ക്, ടാഗോര്‍ നികേതന്‍, പണിക്കാരുടെ തോപ്പായ വിശ്രാമം എന്നിവയ്ക്കടുത്തു തന്നെയാണ് ബഷീര്‍ മ്യൂസിയം തയാറാക്കിയിരിക്കുന്നത്.
ബഷീറിന്റെ ജീവിതത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, കേരളീയ നവോത്ഥാനം, മുസ്ലിം സാമുദായിക പരിഷ്‌കരണവാദം, പാരിസ്ഥിതിക ധാര്‍മ്മികചിന്ത എന്നീ മേഖലകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍ എന്‍പി ആഷ്‌ലി പറഞ്ഞു. ഒരേസമയം സാധ്യതയും പരിമിതിയുമാവുന്ന ''മതിലുകള്‍'' എന്ന സംജ്ഞയ്ക്ക് ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലുമുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആ പേര് നല്‍കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തില്‍ അതിനുശേഷം ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ മാത്രമാവും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവുക.
content highlights: Inauguration of the first Basheer Museum on October 23