തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത് ശരിവയ്ക്കുന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ ഒളിച്ചോടുന്നുവെന്നും അതുകൊണ്ട് പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂവെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
'പ്രതിപക്ഷ നേതാവിന് സഹിഷ്ണുത ഇല്ല എന്നത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മനോഹരമായ ഒരു കടയില്‍ കാളയെ പറഞ്ഞയച്ചത് പോലെയാണ് പ്രതിപക്ഷനേതാവിന്റെ അവസ്ഥ. തൃശൂരിലെ ബിജെപി വിജയത്തില്‍ കോണ്‍ഗ്രസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ. കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനത്ത് ഇരിക്കുന്നവരില്‍ പലരും ബിജെപിയുമായി ബന്ധമുള്ളവരാണ്. ബിജെപിയെ സഹായിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബിജെപിയല്ല കോണ്‍ഗ്രസിന് മുഖ്യ ശത്രു. കോണ്‍ഗ്രസിന് അകത്തുള്ളവര്‍ സിപിഐഎം പറയുന്നത് ശരിവയ്ക്കുന്നു', റിയാസ് പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും റിയാസ് പറഞ്ഞു. ഇനിയും പൊട്ടിത്തെറികള്‍ ഉണ്ടാവുമെന്നും ഇനിയും അനില്‍ കുമാര്‍മാരും പ്രശാന്തുമാരും സരിന്‍മാരുമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ റിയാസ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നും അതുകൊണ്ട് റിയാസിനെ താനൊന്നും പറയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
Content Highlights: P A Muhammad Riyas against V D Satheesan