ശോഭ പക്ഷം ഇടഞ്ഞു തന്നെ; സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ബഹിഷ്‌കരിച്ചു; പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം

ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി ഒഴിവാക്കിയെന്നാരോപിച്ചാണ് ശോഭാ പക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്

dot image

പാലക്കാട്: ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെ ബിജെപി റോഡ് ഷോയും ബഹിഷ്‌കരിച്ച് ശോഭാ സുരേന്ദ്രന്‍ പക്ഷം. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം വിട്ടു നിന്നു. ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് റോഡ് ഷോയില്‍ നിന്ന് വിട്ടു നിന്നത്. മുന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുത്തില്ല.

ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി ഒഴിവാക്കിയെന്നാരോപിച്ചാണ് ശോഭാ പക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ നിന്ന് ശോഭ പക്ഷം വിട്ടുനിന്നത്. ശോഭ പക്ഷം പ്രതിഷേധിച്ചതോടെ എഴുപതിലേറെ പേര്‍ പങ്കെടുക്കേണ്ട യോഗത്തിന് ആകെ വന്നത് 21 പേര്‍ മാത്രമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും ശോഭ പക്ഷം ബഹിഷ്‌കരിച്ചത്.

നേരത്തേ പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ സ്ഥാപിച്ച ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിയ നിലയില്‍ കണ്ടെത്തിയത് വിവാദമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശോഭ സുരേന്ദ്രനെ പാലക്കാട്ടേയ്ക്ക് സ്വാഗതം ചെയ്ത് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സായിരുന്നു കത്തിയ നിലയില്‍ കണ്ടെത്തിയത്. ശോഭയെ എതിര്‍ക്കുന്നവരാണ് ഫ്‌ളക്‌സ് കത്തിച്ചതെന്ന ആരോപണം ശക്തമായതോടെ വിശദീകരണവുമായി സി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്നും ഫ്‌ളക്‌സ് കത്തിച്ചതിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നുമായിരുന്നു സി കൃഷ്ണകുമാറിന്റെ വിശദീകരണം.

ബിജെപി ഏറെ പ്രതീക്ഷയോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. ഏത് വിധേയവും പാലക്കാടിനെ പാട്ടിലാക്കാന്‍ നോക്കുമ്പോള്‍ ഉള്‍പാര്‍ട്ടി പോര് തിരിച്ചടിയാകുമോ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക. അതുകൊണ്ടുതന്നെ ഭിന്നിച്ചുനില്‍ക്കുന്ന ശോഭയെ ഒപ്പം നിര്‍ത്തി പ്രശ്‌നപരിഹാരത്തിന് സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെട്ടേക്കുമെന്നാണ് സൂചന.

Content Highlights- sobha surendran and team boycott c krishnakumar road show

dot image
To advertise here,contact us
dot image