'പൊളിറ്റിക്കൽ നെക്‌സസിന്റെ ദുരന്തത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സുധീറിനെ വിജയിപ്പിക്കുക'; പോസ്റ്റുമായി അൻവർ

എന്നാല്‍ അന്‍വറുമായി സംസാരിച്ചെന്നും അന്‍വര്‍ യുഡിഎഫിന് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്

dot image

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് ഉറപ്പിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ വിജയിപ്പിക്കണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് അന്‍വര്‍. ടൈം ടു ചേഞ്ചെന്ന മുദ്രാവാക്യത്തോടെയാണ് പോസ്റ്റ്. ഓട്ടോ ചിഹ്നത്തിലാണ് സുധീര്‍ മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ്, കാസര്‍കോട് പൊലീസ് ഓട്ടോ പിടിച്ചുവെച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു.

'നീതിക്കായി തിരിഞ്ഞു നടക്കുക. കുടുംബ ഭരണത്തില്‍ നിന്ന് കേരളത്തേയും പാര്‍ട്ടിയേയും രക്ഷിക്കാന്‍, സ്വന്തം കാര്യത്തിനായി തൊഴിലാളി വര്‍ഗത്തെ ഒറ്റിക്കൊടുത്ത് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് ജനങ്ങളെ ഇരയാക്കി കള്ളക്കേസില്‍ കുടുക്കി വന്‍ തുക ഫൈന്‍ ചുമത്തി ജനങ്ങളെ പിഴിയുന്നതിനെതിരെയും, സ്വന്തം കുടുംബത്തിന്റെ നേട്ടത്തിനായി പൊലീസിനെ വര്‍ഗീയവാദികള്‍ക്ക് തീറെഴുതി കൊടുത്തതിനെതിരെയും, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ സഹായിക്കുന്നതിനായി ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കുന്ന ഭരണകൂടത്തിനെതിരെയും, യുഡിഎഫ്-എല്‍ഡിഎഫ്-ബിജെപി പൊളിറ്റിക്കല്‍ നെക്‌സസിന്റെ ദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സുധീറിനെ വിജയിപ്പിക്കുക', എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

എന്നാല്‍ അന്‍വറുമായി സംസാരിച്ചെന്നും അന്‍വര്‍ യുഡിഎഫിന് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. അന്‍വര്‍ കോണ്‍ഗ്രസിനോട് സഹകരിക്കണം. അന്‍വര്‍ തുടങ്ങിയതല്ലേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Vote for N K Sudheer post by P V Anvar

dot image
To advertise here,contact us
dot image