കണ്ണൂര്‍: കളക്ടറേറ്റില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടര്‍ ക്ഷണിച്ചതുപ്രകാരമാണ് ചടങ്ങിനെത്തിയതെന്നാണ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലുള്ളത്. ഇത് തള്ളുന്നതാണ് കളക്ടറുടെ പ്രതികരണം.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ ഫോണ്‍ ചെയ്തിരുന്നു. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് തന്നെയാണ് മൊഴി നല്‍കിത്. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും കളക്ടര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് പൊലീസ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.
പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട വിവരം നേരത്തെ അറിയില്ലായിരുന്നുവെന്നും അരുണ്‍ കെ വിജയന്‍ പ്രതികരിച്ചു. അവധി അപേക്ഷ നല്‍കിയിട്ടില്ല. ദിവ്യ ക്ഷണിച്ചു എന്ന് പറയുന്നതില്‍ അഭിപ്രായം പറയാനാകില്ല. നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന് ശേഷം ദിവ്യയെ ബന്ധപ്പെട്ടിട്ടില്ല. നല്ല ബന്ധമായിരുന്നു എഡിഎമ്മുമായുണ്ടായിരുന്നതെന്നും കളക്ടര്‍ പറഞ്ഞു.
യാത്രയയപ്പിനുശേഷം നവീന്‍ ബാബുവുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് അന്വേഷണത്തിന്റെ ഭാഗമെന്നായിരുന്നു കളക്ടറുടെ വിശദീകരണം. അക്കാര്യം പുറത്തു പറയാന്‍ ബുദ്ധിമുട്ടുണ്ട്. അന്വേഷണത്തിലെ പ്രധാന ഭാഗമാണിത്. നല്ല ബന്ധമായിരുന്നു എഡിഎമ്മുമായി ഉണ്ടായിരുന്നത്. നവീന്‍ ബാബുവിന് അവധി നല്‍കാതിരുന്നോ എന്നതൊക്കെ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഫയല്‍ നീക്കുന്നതില്‍ കാലതാമസം ഉണ്ടായോ എന്ന് അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ നോക്കാം. ഈ സംഭവങ്ങള്‍ക്ക് മുന്‍പ് എന്‍ഒസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. ആരോപണത്തെക്കുറിച്ചും നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Collector Arun K Vijayan's Response On Naveen Babu's Death