'പ്രാണി' ചിഹ്നം കിട്ടിയാൽ അതിൽ മത്സരിക്കും, സതീശൻ്റെ തന്ത്രം പാലക്കാട് പാളും;സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ഷാനിബ്

വാട്‌സ്ആപ്പില്‍ ഷാഫി അയച്ചു കൊടുക്കുന്നത് മാത്രമാണ് പ്രതിപക്ഷ നേതാവിന് അറിയുകയുള്ളൂവെന്നും ഷാനിബ് വിമർശിച്ചു

dot image

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ്. മത്സരിക്കണമെന്ന് പാലക്കാട്ടെ നിരവധി കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്ന് ഷാനിബ് പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും, കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും തോല്‍പ്പിക്കുമെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേതൃത്വം ഇടപെട്ടാലും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വടകര എംപി ഷാഫി പറമ്പിലിനുമെതിരെയും ഷാനിബ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

വി ഡി സതീശന് ധാര്‍ഷ്ട്യമാണെന്നും സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് സതീശന്‍ കേള്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രിയാകാന്‍ സതീശന്‍ എല്ലാവരെയും ചവിട്ടിമെതിക്കുന്നെന്നും ഷാനിബ് പറഞ്ഞു.

'ഉപതിരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റായ സതീശന്‍ പാലക്കാട് പരാജയപ്പെടും. അധികാരത്തിന്റെ ഭ്രമം മൂത്ത് ഓരോരുത്തരെ ചവിട്ടി മെതിച്ച് മുഖ്യമന്ത്രി ആവാനുള്ള ശ്രമത്തിലാണ് സതീശന്‍. നാല് വര്‍ഷക്കാലം തന്നെ പാര്‍ട്ടിയില്‍ കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏതാനും ആഴ്ച മുന്‍പ് കപ്പൂരില്‍ കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തത് ഞാനാണ്. ആളുകള്‍ നിലപാട് പറയുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു. നിലപാട് പറയുമ്പോള്‍ നീ ഏതാ എന്ന സമീപനമാണ്', അദ്ദേഹം പറഞ്ഞു.

കാസ്റ്റ് സെന്‍സസ് സംബന്ധിച്ച് മുന്‍പ് യോഗങ്ങളില്‍ ഷാഫി മിണ്ടിയിട്ടില്ലെന്നും ഷാനിബ് കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജിന് മഹാത്മാ അയ്യങ്കാളിയുടെ പേരിടണം എന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ട് ഷാഫി അത് അംഗീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ പോലെ കുറേ പുഴുക്കളും പ്രാണികളും ഉണ്ട് അവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ഇനിയും പലരും കോണ്‍ഗ്രസ് വിടുമെന്നും ഷാനിബ് വ്യക്തമാക്കി.

'ബിജെപിയെ സഹായിക്കാന്‍ കഴിയുന്നതെല്ലാം വി ഡി സതീശന്‍ ചെയ്യുന്നു. വാട്‌സ്ആപ്പില്‍ ഷാഫി അയച്ചു കൊടുക്കുന്നത് മാത്രമാണ് പ്രതിപക്ഷ നേതാവിന് അറിയുകയുള്ളു. വി ഡി സതീശന് പ്രാദേശിക നേതാക്കളുമായി ഒരു ബന്ധവുമില്ല. ഇ ശ്രീധരന് ബിജെപിയുടെ മാത്രമല്ല പാലക്കാട്ടെ ചില വിദ്യാസമ്പന്നരുടെയും വോട്ടും കിട്ടി. അത്തരം വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരാളാണ് ശശി തരൂര്‍. പക്ഷേ ശശി തരൂരിനെ ഊതി വീര്‍പ്പിച്ച ബലൂണായിട്ടാണ് വി ഡി സതീശന്‍ വിശേഷിപ്പിച്ചത്', ഷാനിബ് പറഞ്ഞു.

ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ ആശയക്കുഴപ്പമുള്ളവരും തനിക്ക് ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അകത്ത് നിന്നും വോട്ട് ലഭിക്കുമെന്നും പ്രാണി എന്ന ചിഹ്നം കിട്ടിയാല്‍ അതില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Former Youth Congress leader Shanib declared his candidacy in Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us