തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയെടുത്തു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കളക്ടർ അരുൺ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സാക്ഷി മൊഴിയിൽ താൻ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. പി പി ദിവ്യ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് ചടങ്ങിലെത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കളക്ടർ ഈ വാദങ്ങൾ തള്ളുകയായിരുന്നു. ഡിഎമ്മിൻ്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടർ സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻ്റ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ പറഞ്ഞു.
അതേസമയം നവീൻ ബാബുവിനെതിരെ നൽകിയ പരാതി മരണശേഷം ധൃതിയിൽ തയ്യാറാക്കിയതാണെന്ന വാദവും ശക്തമായി തുടരുകയാണ്. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയവുമുണ്ട്. പരാതിക്ക് പിന്നിൽ പരാതിക്കാരനായ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുൾപ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. നവീൻ ബാബു മരിച്ച ശേഷമാണ് പരാതി തയ്യാറാക്കിയത്. ടി വി പ്രശാന്ത് എന്ന ഒദ്യോഗിക പേര് ടി വി പ്രശാന്തൻ എന്നും മാറ്റിയിട്ടുണ്ട്. അടുപ്പമുള്ള ആരോ ധൃതിയിൽ തയ്യാറാക്കിയതാകാമെന്നാണ് നിഗമനം.
പി പി ദിവ്യക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയിരുന്നു, 24ലേക്കാണ് ഹർജി മാറ്റിയത്. പി പി ദിവ്യയ്ക്കെതിരെ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിന് പിന്നാലെയാണ് ഉത്തരവ്.
Content Highlight: Kannur dist. collector's statements recorded