കൊച്ചി: പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്. രാഷ്ട്രീയ കുടുംബാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപിയാണെന്നും പി കെ കൃഷ്ണദാസം പ്രതികരിച്ചു.
വയനാട്ടിലും എന്‍ഡിഎ നടത്തുന്നത് കുടുംബാധിപത്യത്തിന്റെ വേരറുക്കാനുള്ള പോരാട്ടമാണ്. വയനാടിനെ നെഹ്റു കുടുംബം കാണുന്നത് കറവപ്പശുവും കറിവേപ്പിലയും ആയാണ്. കേരളത്തിന് ശാപമായി മാറിയ പിണറായി സര്‍ക്കാരിന് വയനാട്ടിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ദുരന്ത മേഖലയില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ കണ്ട വയനാട്ടിലെ ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യും. ചൂരല്‍മല ദുരന്തത്തില്‍ സമഗ്രമായ പാക്കേജ് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അയച്ചില്ല. കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 1072 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചില്ല. ചൂരല്‍മല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് കഴിവുകേടും കെടുകാര്യസ്ഥതയുമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടുകളെ പറ്റി പ്രതിപക്ഷ നേതാവ് സംസാരിക്കുന്നില്ല. വി ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ബി ടീമാണ്. മുഖ്യമന്ത്രിക്കെതിരെ ജനരോഷം ഉയരുമ്പോള്‍ വി ഡി സതീശന്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രസക്തിയില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തള്ളിപ്പറയാന്‍ തയ്യാറുണ്ടോ? ദേശീയതലത്തില്‍ ഒന്നിച്ച് നില്‍ക്കുന്നവര്‍ വയനാട്ടില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നതില്‍ എന്ത് രാഷ്ട്രീയ പ്രസക്തിയാണുള്ളതെന്നും പി കെ കൃഷ്ണദാസ് ചോദിച്ചു.
Content Highlights: PK Krishnadas Against LDF And UDF