'പറഞ്ഞത് ലിപ്‌സ്റ്റിക്‌ ധരിക്കുന്ന ആണുങ്ങളെ കുറിച്ച്': വിവാദ പരാമർശത്തില്‍ പി വി അൻവർ

'ഈ കമ്മ്യൂണിറ്റിയിൽ നിന്ന് അധികാരത്തിലേക്ക് വരുന്ന ഭൂരിഭാഗവും സ്വന്തം കാര്യം മാത്രം നോക്കുകയാണ്'

dot image

തിരുവനന്തപുരം: ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി പി വി അൻവർ. താൻ ലിപ്സ്റ്റിക് ധരിക്കുന്ന ആണുങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നാണ് പി വി അൻവറിന്റെ വിശദീകരണം. ലിപ്സ്റ്റിക് സ്ത്രീകൾക്ക് ഇടാനുള്ളതാണ്. അതിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ച എംഎൽഎമാരും എംപിമാരും ആ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നിൽക്കുന്നില്ല. ജയിച്ചുകഴി‍ഞ്ഞാൽ അവർക്ക് ആ കമ്മ്യൂണിറ്റിയിൽ നിന്നാണെന്ന് പറയാൻ പോലും താത്പര്യമില്ലെന്നും റിപ്പോർട്ടറിനോട് സംസാരിക്കവെ അൻവർ പറഞ്ഞു.

'ഞാൻ ഒരിക്കലും അവർ ലിപ്സ്റ്റിക്ക് ഇടുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ലിപ്സ്റ്റിക്ക് സ്ത്രീകൾക്ക് ഇടാനുള്ളതാണ്. അതിൽ യാതൊരു പ്രശ്നവുമില്ല. അവർ പാട്ടുപാടും എന്നല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. ഇവിടെ അവരെ കുറിച്ചുള്ള സ്റ്റേറ്റ്മെന്റ് കഴിഞ്ഞു. ഇതിന് ശേഷമാണ് ചില കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ച എംഎൽഎമാരും എംപിമാരും ആ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നിൽക്കുന്നില്ല എന്ന് പറഞ്ഞത്. കമ്മ്യൂണിറ്റിയുടെ വികസനത്തിന് വേണ്ടി അവർ കുറച്ച് സമയം ചെലവഴിച്ചിരുന്നുവെങ്കിൽ ഇന്ന് കാണുന്ന എസ് സി/ എസ്ടി വിഭാ​ഗങ്ങളുടെ അവസ്ഥയിൽ നിന്നും വലിയ വ്യത്യാസമുണ്ടാകുമായിരുന്നു. പിന്നീട് ഒരു കമ്മ്യൂണിറ്റിയുടെ ഭാ​ഗമാണെന്ന് പറയാൻ പോലും അവർക്ക് വെറുപ്പാണ് എന്ന് പറയുന്നത് ആ കമ്മ്യൂണിറ്റിയിൽ പെട്ടവരാണ്. ലിപ്സ്റ്റിക് ഇടുന്ന ആണുങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. ഉമ്മയെ നോക്കാൻ വീട്ടിലുണ്ടായിരുന്നത് ഈ കമ്മ്യൂണിറ്റിയിൽപ്പെട്ട ആളുകളായിരുന്നു. ഉമ്മ മരണപ്പെട്ട് കഴിഞ്ഞിട്ടും ഉമ്മയുടെ മുറിയിലാണ് അവർ കിടന്നിരുന്നത്.

കുടുംബപരമായി അത്തരം വിഭാ​ഗക്കാരോട് വലിയ അടുപ്പം വച്ചുപുലർത്തുന്നവരാണ് എന്റെ കുടുംബം. ഞാൻ പറഞ്ഞ പരാമർശങ്ങൾക്ക് വലിയ വിമർശനമാണെന്ന് പറയുന്നുണ്ട്. ശരിക്കും ആ വിഭാ​ഗത്തിൽപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് വിമർശനമൊന്നും ഉണ്ടാകില്ല. അതിലെ നേതാക്കൾക്കുണ്ടാകും. അവർ നന്നായി നടക്കണം ഉയരണം എന്ന് തന്നെയാണ് പറയുന്നത്. അവർ മാത്രം നടന്നാൽ പോര, ആ വിഭാ​ഗക്കാരും ഉയരണം. അതാണ് പറയുന്നത്. ഈ കമ്മ്യൂണിറ്റിയിൽ നിന്ന് അധികാരത്തിലേക്ക് വരുന്ന ഭൂരിഭാഗവും സ്വന്തം കാര്യം മാത്രം നോക്കുകയാണ്. അതല്ലല്ലോ വേണ്ടത്', അൻവർ പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചിലരൊക്കെ ലിപ്സ്റ്റിക് ഇട്ടാണ് നടക്കുന്നതെന്നും കാഴ്ചയിൽ പോലും പ്രസ്തുത വിഭാ​ഗത്തിൽപെട്ടയാളാണെന്ന് തോന്നാതിരിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാൽ പിന്നെ അവരുടെ സ്വഭാവം തന്നെ മാറുകയാണ്. പൊതുസ്ഥലത്തെത്തുമ്പോൾ സിനിമാനടൻമാരെ പോലെ പൗഡറിട്ട് സുന്ദരക്കുട്ടപ്പൻമാരായി ഇറങ്ങുകയാണ്. അതാണ് ഈ കമ്യൂണിറ്റിയിലെ ആളുകളുടെ സ്വഭാവം. ഈ മുഖം മിനുക്കലും ചേലക്കരയിലെ ജനം കാണുന്നുണ്ടെന്നുമാണ് അൻവർ പറഞ്ഞത്.

Content Highlight: PV Anvar his statement's weren't about Ramya Haridas after controversies erupts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us