തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടർന്ന് യുഡിഎഫ്. പിന്തുണ തേടി യുഡിഎഫ് നേതാക്കൾ വീണ്ടും അൻവറിനെ സമീപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ അതൃപ്തി വേണ്ടെന്നും വാതിൽ അടഞ്ഞിട്ടില്ലെന്നും നേതാക്കൾ പറയുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെയുള്ളവർ അൻവറുമായി സംസാരിച്ചിട്ടുണ്ട്. പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ച് ചേലക്കരയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടിയിൽ നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്. വിഷയം ചർച്ച ചെയ്യാൻ ഡിഎംകെ ഇന്ന് യോഗം ചേരും.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതുൾപ്പെടെ പി വി അൻവർ മുന്നോട്ടുവെച്ച ഉപാധികളൊന്നും അംഗീകരിക്കാനാകില്ലെന്നും സൗകര്യമുണ്ടെങ്കിൽ മാത്രം സഹകരിച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എല്‍ഡിഎഫിൽ നിന്നും പിന്മാറുമ്പോൾ അൻവർ ഉന്നയിച്ച കാരണങ്ങൾ ഉയർത്തിപ്പിടിക്കുകയാണെങ്കിൽ അദ്ദേഹം യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന് മുന്നിൽ ഉപാധികൾ വെച്ചുകൊണ്ടുള്ള താമശകളൊന്നും വേണ്ട. ചേലക്കരയിൽ രമ്യയെ പിൻവലിക്കാൻ ആണല്ലോ തങ്ങൾ ഈ പണിയൊക്കെ എടുക്കുന്നതെന്നും അൻവറിന്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാൽ മതിയെന്നുമാണ് വി ഡി സതീശൻ പരിഹാസരൂപേണ പറഞ്ഞത്.
ഇതിന് പിന്നാലെ വി ഡി സതീശനെ വിമർശിച്ച് പി വി അൻവർ രംഗത്തെത്തിയിരുന്നു. വിഡ്ഢികളുടെ ലോകത്താണോ സതീശൻ ജീവിക്കുന്നത് എന്നായിരുന്നു അൻവറിന്റെ പ്രതികരണം, തന്നെ പ്രകോപിപ്പിക്കാനാണ് സതീശൻറെ ശ്രമം. കോൺഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡൻറാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെടുമെന്ന് ഇപ്പോൾ കോൺഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബിജെപി ജയിച്ചു എന്ന് വരുത്താൻ ആരും ശ്രമിക്കണ്ട. പാലക്കാട് കോൺഗ്രസിലെയും സിപിഐഎമ്മിലെയും വലിയൊരു വോട്ട് ബിജെപിക്ക് പോകുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് വി ഡി സതീശൻ നേരത്ത പി വി അൻവറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിൻവലിച്ചാൽ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlight: UDF continues talks with PV Anvar