കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്ന പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് ജീപ്പില്‍ ദിവ്യക്കായുള്ള പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലും പൊലീസ് ജീപ്പിന് മേലുമാണ് നോട്ടീസ് പതിച്ചത്.
കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ അകത്തേക്ക് വിളിച്ച് പൊലീസ് ചര്‍ച്ച നടത്തി.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസെടുത്ത് ആറ് ദിവസമായിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. മറ്റന്നാള്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന് ലഭിച്ചു. തൂങ്ങിമരണം ആണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്.
അതേസമയം നവീന്‍ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ടി വി പ്രശാന്തിനെതിരായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉന്നതതല സംഘം നാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയുള്ള അന്വേഷണം. പ്രശാന്തിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
Content Highlights: Youth Congress Worker in custody for Symbolic look out notice for Divya in police jeep