ചേലക്കര: തീപാറുന്ന ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് ചേലക്കരയില്‍ നടക്കുന്നത്. മണ്ഡലം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. 'ചേലക്കരയുടെ രാധേട്ടന്‍' എന്ന ടാഗുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ മാറിയതോടെ തങ്ങളുടെ പഴയ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറപ്പിലാണ് യുഡിഎഫ്. അതേ സമയം ഇക്കുറി മണ്ഡലത്തില്‍ തൃശൂര്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ.
മണ്ഡലത്തിലെ ആദ്യത്തെ പോരാട്ടം തന്നെ ഇഞ്ചോടിഞ്ചുള്ള മത്സരമായിരുന്നു. 1965ലാണ് ചേലക്കര മണ്ഡലം നിലവില്‍ വന്നത്. സിപിഐഎമ്മിലെ സികെ ചക്രപാണിയെ 106 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണന്‍ ചേലക്കര മണ്ഡലത്തിലെ ആദ്യ എംഎല്‍എയായി. ഇതാണ് മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.
1967ല്‍ സിപിഐഎമ്മിലെ പി കുഞ്ഞനോട് കെ കെ ബാലകൃഷ്ണന്‍ 2052 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് 1970,1977, 1988 വര്‍ഷങ്ങളില്‍ കെ കെ ബാലകൃഷ്ണന്‍ തുടര്‍ച്ചായി വിജയിച്ചു. അന്ന് പരാജയപ്പെട്ടതെല്ലാം സിപിഐഎമ്മിന്റെ കെ എസ് ശങ്കരനായിരുന്നു.
1982ല്‍ കോണ്‍ഗ്രസിന്റെ ടികെസി വടുതലയെ 2123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സി കെ ചക്രപാണി മണ്ഡലം തിരിച്ചു പിടിച്ചു. 1987ല്‍ കോണ്‍ഗ്രസിന്റെ ഡോ. എംഎ കുട്ടപ്പന്‍ 7751 വോട്ടുകള്‍ക്ക് വിജയിച്ചു. 1991ലും കോണ്‍ഗ്രസിന് തന്നെയായിരുന്നു വിജയം. എം പി താമി 4361 വോട്ടുകള്‍ക്കാണ് സിപിഐഎമ്മിലെ സി കുട്ടപ്പനെ പരാജയപ്പെടുത്തിയത്.
1996ല്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില് കെ രാധാകൃഷ്ണന്‍ 2323 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ല്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് കെ എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ തന്നെ ജയിച്ചു കയറി. 2006ല്‍ രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി. യുഡിഎഫിന്റെ പി സി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം. 2011ല്‍ കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകള്‍ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന് വിജയിച്ചത്. 2016ല്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപാണ് വിജയിച്ചത്. 10,200 വോട്ടുകള്‍ക്കായിരുന്നു വിജയം.
Content Highlights: A fiery by-election battle is going on in Chelakkara