വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ല: ഇ ടി മുഹമ്മദ് ബഷീർ എംപി

പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലീഗുമെത്തും. ബാക്കിയുള്ളതെല്ലാം വ്യാജ പ്രചാരണമെന്നും ഇ ടി മുഹമ്മദ് ബഷീർ

dot image

കൽപ്പറ്റ: വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. പ്രിയങ്ക ​ഗാന്ധിയുടെ കന്നിയങ്കത്തിനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിം ലീ​ഗ് നേതാക്കൾക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ യുഡിഎഫ് പ്രചാരണത്തിന്റെ മുൻപന്തിയിൽ മുസ്ലിംലീഗ് ഉണ്ടാകും. പച്ചക്കൊടി പിടിക്കുന്നതിൽ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല. ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയും സിപിഎമ്മും ഒന്നിക്കുന്നത് വൈകാതെ കാണാനാകുമെന്നും ഇരു പാർട്ടികളുടേതും വൃത്തികെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കന്നിങ്കത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെയ്ഹാൻ എന്നിവർക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. ഇന്ന് വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30യോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോൺ​ഗ്രസിനൊപ്പമാണ് വയനാട്.

പ്രിയങ്ക ഗാന്ധി

കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

Content Highlight: ET Mohammed Basheer MP says no restrictions for league for supporting Priyanka Gandhi's election campaign

dot image
To advertise here,contact us
dot image