'സരിന്റെ സ്ഥാനാര്‍ത്ഥിത്വം അടവുനയം'; അന്‍വറിന്റെ റോഡ്‌ഷോയെ പരിഹസിച്ചും എം വി ഗോവിന്ദന്‍

റോഡ് ഷോയില്‍ ഏജന്റിനെ വച്ചാണ് അന്‍വര്‍ ആളുകളുടെ കൊണ്ടുവന്നത് എന്നാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

dot image

കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ റോഡ് ഷോയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാനേജര്‍ വിളിച്ചിട്ടാണ് റോഡ് ഷോയിലേക്ക് വന്നതെന്നാണ് പങ്കെടുത്ത സ്ത്രീകള്‍ തന്നെ പ്രതികരിച്ചതെന്ന് എം വി ഗോവിന്ദന്‍ പരിഹസിച്ചു. അന്‍വര്‍ ഒന്നുമല്ലെന്ന് പണ്ടേ പറഞ്ഞതാണ്. അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും ലീഗ്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുടെ ആളുകളാണ്. റോഡ് ഷോയില്‍ ഏജന്റിനെ വച്ചാണ് അന്‍വര്‍ ആളുകളുടെ കൊണ്ടുവന്നത് എന്നാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

പാലക്കാട് മണ്ഡലത്തിലെ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചവരെ മുന്‍പും പാര്‍ട്ടി കൂടെ കൂട്ടിയിട്ടുണ്ട്. അങ്ങനെയാണ് കരുണാകരനെയും ആന്റണിയെയും കൂടെ കൂട്ടിയത്. സരിനെ സ്വീകരിച്ചത് പരീക്ഷണമല്ലയെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. സരിനെ സ്വീകരിച്ചത് അടവുനയമാണ്. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കുകയാണ്. ആദ്യം രാഹുല്‍ വന്നുപോയി. ഇപ്പോള്‍ പ്രിയങ്ക വന്നു. പത്രിക കൊടുത്തു. അവരുടെ പാട്ടുനോക്കി പോകും. എഡിഎം നവീന്‍ ബാബുവിന്റെ ഒപ്പമാണ് സിപിഐഎം എന്നു ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാലും മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ തന്നെയാണ്. പ്രതിപക്ഷത്തേക്കാള്‍ കമ്മ്യുണിസ്റ്റ് വിരുദ്ധത പറയുന്നത് മാധ്യമങ്ങളാണ്. അവര്‍ വലതുപക്ഷ ആശയമാണ് പ്രചരിപ്പിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കസേര നോക്കിയിരിക്കുന്ന അഞ്ച് പേര്‍ കോണ്‍ഗ്രസിലുണ്ട്. ശശി തരൂര്‍, കെ സുധാകരന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരാണ് അഞ്ചുപേര്‍. ഇവര്‍ ആരും അടുത്ത തവണ മുഖ്യമന്ത്രിയാകില്ല. ഇടതുപക്ഷം തന്നെ മൂന്നാമതും അധികാരത്തില്‍ എത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: LDF will come to power for the third time in Kerala Said M V Govindan Master

dot image
To advertise here,contact us
dot image